തിരുവനന്തപുരത്തിന് ജില്ലാ ജീവികൾ: കുഞ്ഞൻ പാറാൻ ജന്തു | Keraladesham

October 27, 2026
web-logo
കേരളം

തിരുവനന്തപുരത്തിന് ജില്ലാ ജീവികൾ: കുഞ്ഞൻ പാറാൻ ജന്തു, ഞാവൽ ഫലം, കാട്ടുഞ്ഞാലി പക്ഷി

2 minutes read
Oct 27, 2026
news-image-1
Font Size:
18 px
Share :

തിരുവനന്തപുരം ജില്ലയുടെ ഔദ്യോഗിക ജന്തുവായി അണ്ണാൻ വർഗത്തിൽപ്പെട്ട കുഞ്ഞൻ പാറാനെയും പക്ഷിയായി കാട്ടുഞ്ഞാലിയെയും ഫലമായി ഞാവലിനെയും പ്രഖ്യാപിച്ചു. തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി സംഘടിപ്പിച്ച ‘അനന്തവൈവിധ്യം 2026’ അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിയാണ് പ്രഖ്യാപനം നടത്തിയത്.

ജില്ലയുടെ ജീവജാതികൾ

പുഷ്പമായി ഡ്യൂറി ഓർക്കിഡ്, ശലഭമായി സന്ധ്യശലഭം, മത്സ്യമായി കുഴിപ്പുളവൻ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. അബ്രഹാം ഞാവൽ ജില്ലാ വൃക്ഷവും മലമ്പുളി പൈതൃക വൃക്ഷവുമാണ്. വെള്ളായണി വഴുതന കാർഷികവിളയായും ആരോഗ്യപ്പച്ച ഔഷധസസ്യമായും കാട്ടുകാച്ചിൽ വന്യകിഴങ്ങുവർഗമായും ലാക്ടിക്കേസിബാസിലസ് റാംനോസസ് സൂക്ഷ്മജീവിയായും പ്രഖ്യാപിക്കപ്പെട്ടു. 2030-ഓടെ തിരുവനന്തപുരത്തെ ജൈവവൈവിധ്യ സൗഹൃദ ജില്ലയാക്കാൻ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ജൈവവൈവിധ്യത്തോടു കൈകോർത്തു അനന്തപുരി’ പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ്.

ഭൂമി മനുഷ്യർക്കു മാത്രമുള്ളതാണെന്ന ചിന്തയിൽ പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ദുരന്തഫലമാണ് ലോകം ഇന്ന് അനുഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും ജൈവസമ്പത്ത് സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. കണ്ടൽക്കാടുകളുടെ നാശം ഭൂമി കൈയേറ്റമോ തരംമാറ്റമോ മാത്രമായി കാണരുതെന്നും ഒരു വലിയ ആവാസവ്യവസ്ഥയാണ് അതോടെ തകരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട സംരക്ഷണം ലോകത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണ്.

മഴ സമൃദ്ധമാണെന്നത് മാത്രം ജലസമൃദ്ധിക്ക് ഉറപ്പല്ലെന്നും മഴവെള്ളം സംരക്ഷിക്കുകയും ഭൂഗർഭ ജലസ്രോതസ്സുകൾ നിലനിർത്തുകയും വേണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിവിഭവ ഉപയോഗത്തിലെ ഉത്തരവാദിത്തം കുട്ടികളെ വീട്ടിൽ നിന്നുതന്നെ പഠിപ്പിക്കണം. പ്രകൃതിവിരുദ്ധ ശീലങ്ങൾ തിരുത്താൻ ഓരോരുത്തരും തയ്യാറായാലേ ബോധവത്കരണം ഫലപ്രദമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൈവവൈവിധ്യ സംരക്ഷണം, അപൂർവ വൃക്ഷങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലോണിംഗ്, ജില്ലാ സൂക്ഷ്മജീവിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയ ചർച്ചകളും അവതരണങ്ങളും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി. പി. മുരളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന ബി., അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ എ., സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. അനിൽകുമാർ സി., ഡോ. പുത്തിയപറമ്പിൽ ജോസുകുട്ടി, ഡോ. ഇ. എസ്. സന്തോഷ്‌കുമാർ, ഡോ. കലേഷ് സദാശിവൻ, ഡോ. സാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags