68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് വർണാഭമായ തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് കായികമേള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) സിന്തറ്റിക് ട്രാക്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ ഡോ. പി.ടി. ഉഷ എം.പിയിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി മുഖ്യമന്ത്രി തെളിയിച്ചു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
14 ജില്ലകളിൽ നിന്നുള്ള നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകൾ, എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ എന്നിവർ അണിനിരന്ന മാർച്ച് പാസ്റ്റിൽ മന്ത്രി എൻ. ഷംസുദ്ദീൻ സല്യൂട്ട് സ്വീകരിച്ചു. മൂവായിരത്തോളം വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
മന്ത്രിമാരായ ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, എം.കെ. രാഘവൻ എം.പി, കോർപറേഷൻ മേയർ ഒ. സദാശിവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വിവിധ എം.എൽ.എമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
117.5 പവന്റെ സ്വർണ്ണക്കപ്പിനായി പോരാട്ടം
10 വേദികളിലായി 10,000ത്തോളം കായിക പ്രതിഭകളാണ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ അത്ലറ്റിക്സിൽ മാറ്റുരയ്ക്കും. 14 ജില്ലകൾക്ക് പുറമേ ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ 117.5 പവന്റെ സ്വർണ്ണക്കപ്പ് ലഭിക്കും.
എൻ.ഐ.ടി സിന്തറ്റിക് ട്രാക്കാണ് പ്രധാന വേദി. പി.ടി.എം.എച്ച്.എസ്.എസ് കോടിയത്തൂർ, സെന്റ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ, എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂൾ ചാത്തമംഗലം, ദയാപുരം റെസിഡൻഷ്യൽ സ്കൂൾ, കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, ആർ.ഇ.സി ജി.വി.എച്ച്.എസ് സ്കൂൾ ചാത്തമംഗലം, സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ പാറോപ്പടി, പ്രസന്റേഷൻ എച്ച്.എസ്.എസ് ചേവായൂർ, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് മറ്റ് വേദികൾ.
ഒക്ടോബർ 26ന് എൻ.ഐ.ടി ട്രാക്കിൽ ഇൻക്ലൂസീവ് അത്ലറ്റിക്സോടെ മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. ഒക്ടോബർ 27 മുതൽ 31 വരെ പ്രധാന അത്ലറ്റിക്സ് ഇനങ്ങൾ നടക്കും. വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, കരാട്ടെ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ, ഇൻക്ലൂസീവ് ക്രിക്കറ്റ്, ഇൻക്ലൂസീവ് ബോക്സ്ബോൾ, ഇൻക്ലൂസീവ് ഹാൻഡ്ബോൾ, ഇൻക്ലൂസീവ് ബാഡ്മിന്റൺ, ഇൻക്ലൂസീവ് ഫുട്ബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ക്രോസ് കൺട്രി തുടങ്ങിയ മത്സരങ്ങളും വിവിധ വേദികളിൽ അരങ്ങേറും.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala