‘യശോദ എ.ഐ’: നിയമവിദ്യാർത്ഥിനികൾക്ക് എ.ഐ പരിശീലനവുമായി വനിതാ കമ്മീഷൻ | Keraladesham

October 26, 2026
web-logo
കേരളം

‘യശോദ എ.ഐ’: നിയമവിദ്യാർത്ഥിനികൾക്ക് എ.ഐ, സൈബർ സുരക്ഷാ പരിശീലനവുമായി വനിതാ കമ്മീഷൻ

1 minute read
Oct 25, 2026
news-image-1
Font Size:
18 px
Share :

സ്ത്രീകളെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ പ്രാപ്തരാക്കാൻ കേരള വനിതാ കമ്മീഷൻ കോളേജ് വിദ്യാർത്ഥിനികൾക്കായി എ.ഐ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ വനിതാ കമ്മീഷന്റെ എ.ഐ സാക്ഷരതാ പദ്ധതിയായ ‘യശോദ എ.ഐ’ (Yashoda AI)-യുമായി സഹകരിച്ച് തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ നടന്ന പരിപാടി കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.

ലോകം അതിവേഗം ഡിജിറ്റൽവത്ക്കരിക്കപ്പെടുമ്പോൾ നിർമിതബുദ്ധിയെക്കുറിച്ചും ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചും സ്ത്രീകൾ അവബോധം നേടേണ്ടത് അനിവാര്യമാണെന്ന് അഡ്വ. പി. സതീദേവി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ പിന്തുടരൽ എന്നിവയെക്കുറിച്ച് കൃത്യമായ അറിവ് നൽകുകയും ഓൺലൈൻ തട്ടിപ്പുകളും ചൂഷണങ്ങളും തിരിച്ചറിഞ്ഞ് നിയമപരമായി പരാതിപ്പെടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള നിയമവിദ്യാർത്ഥിനികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.

വിദഗ്ധരുടെ ക്ലാസുകൾ

‘എ.ഐയുടെ സാധ്യതകളും ഉപയോഗങ്ങളും’ എന്ന വിഷയത്തിൽ സൈബർ നിയമ-എ.ഐ വിദഗ്ധൻ അഡ്വ. മനു കൃഷ്ണ എസ്.കെ.യും ‘ഡിജിറ്റൽ സുരക്ഷയും എ.ഐയുടെ അപകടസാധ്യതകളും’ എന്ന വിഷയത്തിൽ അഭിഭാഷകനും കൗൺസിലിങ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിലും ‘ദൈനംദിന ജീവിതത്തിലെ എ.ഐ’ എന്ന വിഷയത്തിൽ എൻവെസ്റ്റ്‌നെറ്റ് ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ ഫെബിൻ എസ്.എ.യും ക്ലാസെടുത്തു. കെ.എസ്.ഡി.എം.എ., ഐ.എം.ജി. റിസോഴ്‌സ് പേഴ്‌സൺ ബിനു കുമാർ എൻ.എസ്.ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്ക് പ്രായോഗിക പരിശീലനവും നൽകി.

വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മെമ്പർ സെക്രട്ടറി ബീന വൈ.ബി., ഗവ. ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ഹമീമ എം., ഗവ. ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരും വിമൻസ് ഫോറം വേദിക കോർഡിനേറ്റർമാരുമായ അഡ്വ. അഞ്ചു രാജൻ വി., വീണ എ.കെ., കമ്മീഷൻ റിസർച്ച് ഓഫീസർ അർച്ചന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags