ശിശുക്ഷേമ സമിതി ആസ്ഥാനം നവീകരിച്ചു; കുഞ്ഞിന് 'ഗേഹ' എന്ന് പേരിട്ടു | Keraladesham

October 26, 2026
web-logo
കേരളം

ശിശുക്ഷേമ സമിതി ആസ്ഥാനം നവീകരിച്ചു; അമ്മത്തൊട്ടിലിലെ കുഞ്ഞിന് 'ഗേഹ' എന്ന് പേരിട്ട് മന്ത്രി ബിന്ദു കൃഷ്ണ

1 minute read
Oct 25, 2026
news-image-1
Font Size:
18 px
Share :

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നവീകരിച്ച ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അമ്മത്തൊട്ടിലിൽ ലഭിച്ച ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞിന് മന്ത്രി 'ഗേഹ' എന്ന് പേരിട്ടു.

ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി പറഞ്ഞു. തങ്ങൾ അനാഥരല്ലെന്ന ബോധ്യം ഓരോ കുഞ്ഞിനും നൽകണം. ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി ശരിയായ ദിശയിൽ നയിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, മാനസിക വികാസം എന്നിവയ്ക്ക് സർക്കാരിന്റെയും വകുപ്പിന്റെയും പിന്തുണ ഉറപ്പാക്കുമെന്നും സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുംവിധം സമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ദിരത്തിലെ സൗകര്യങ്ങൾ

സ്മാർട്ട് സിറ്റിയുടെ സഹായത്തോടെ നവീകരിച്ച നാലുനില മന്ദിരം ശുചിത്വം, സുരക്ഷ, മാനസിക ഉല്ലാസം എന്നിവയ്ക്ക് മുൻഗണന നൽകി ശിശുസൗഹൃദമായാണ് ഒരുക്കിയത്. ഒന്നാം നിലയിൽ വിശാലമായ ഹാൾ, പ്രധാന ഓഫീസ്, ലൈബ്രറി എന്നിവയും രണ്ടാം നിലയിൽ ഡോൾ മ്യൂസിയവുമുണ്ട്. മൂന്നും നാലും നിലകളിലാണ് കുട്ടികളുടെ താമസസൗകര്യം. ആധുനിക അടുക്കള, മെഡിക്കൽ കെയർ യൂണിറ്റ്, കളിസ്ഥലം, പാർക്ക്, സി.സി.ടി.വി നിരീക്ഷണം എന്നിവയും സജ്ജമാണ്.

'വർണ്ണോത്സവം' തുടങ്ങി

ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ നടക്കുന്ന 'വർണ്ണോത്സവം' കലോത്സവവും മന്ത്രി ഉദ്ഘാടനം ചെയ്തു. നഴ്സറി, അങ്കണവാടി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി കലാ-സാഹിത്യ മത്സരങ്ങൾ നടക്കും. ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ തളിർ കലോത്സവം, ശിശുദിന റാലി, കുട്ടികളുടെ മഹാസമ്മേളനം എന്നിവയും ഇതിന്റെ ഭാഗമാണ്.

മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിച്ചു. പുതിയ മന്ദിരം നഗരത്തിലെ എല്ലാ കുട്ടികൾക്കുമായി തുറന്നുകൊടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മേയർ വി.വി. രാജേഷ്, നഗരാസൂത്രണ സമിതി അംഗം ജി. വേണുഗോപാൽ, വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags