പി.എ.സി അഖിലേന്ത്യ കോൺഫറൻസ് നവംബർ 3, 4ന് കേരള നിയമസഭയിൽ | Keraladesham

November 3, 2026
web-logo
കേരളം

പി.എ.സി ചെയർപേഴ്സൺമാരുടെ അഖിലേന്ത്യ കോൺഫറൻസ് നവംബർ 3, 4 തീയതികളിൽ കേരള നിയമസഭയിൽ; ഓം ബിർള ഉദ്ഘാടനം ചെയ്യും

2 minutes read
Nov 2, 2026
news-image-1
Font Size:
18 px
Share :

പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയർപേഴ്സൺമാരുടെയും അംഗങ്ങളുടെയും അഖിലേന്ത്യ കോൺഫറൻസ് നവംബർ മൂന്ന്, നാല് തീയതികളിൽ കേരള നിയമസഭയിൽ നടക്കും. ലോക്സഭ സ്പീക്കർ ഓം ബിർള കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പി.എ.സിയുടെ ഇത്തരമൊരു കോൺഫറൻസിന് സംസ്ഥാനം വേദിയാകുന്നത് ആദ്യമായാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നവംബർ മൂന്നിന് രാവിലെ 11.30ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഓം ബിർള ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ, രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിവംശ് നാരായൺ സിംഗ്, പാർലമെന്റിലെ പി.എ.സി അധ്യക്ഷൻ കെ.സി. വേണുഗോപാൽ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സംസ്ഥാന പി.എ.സി അധ്യക്ഷൻ കെ.എൻ. ബാലഗോപാൽ എന്നിവർ സംസാരിക്കും. പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 26 സംസ്ഥാനങ്ങളിൽ നിന്നുള്ള 262 പേർ കോൺഫറൻസിൽ പങ്കെടുക്കും.

ചർച്ചാവിഷയം ഭരണനിർവഹണവും ഉത്തരവാദിത്തവും

നിയമസഭയുടെ അസംബ്ലി ഹാളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്ലീനറി സെഷനിൽ ‘ഓഡിറ്റ്, അക്കൗണ്ടബിലിറ്റി ആൻഡ് ഗുഡ് ഗവേണൻസ്-ഇവോൾവിങ് റോൾ ഓഫ് ദി പി.എ.സി’ എന്ന വിഷയം ചർച്ച ചെയ്യും. നവംബർ നാലിന് രാവിലെ 11.45ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ കോൺഫറൻസ് സമാപിക്കും. ലോക്സഭാ സ്പീക്കർ, പാർലമെന്റിലെ പി.എ.സി ചെയർപേഴ്സൺ, നിയമസഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭ പി.എ.സി ചെയർപേഴ്സൺ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുക്കും.

പി.എ.സിയിൽ കേരളത്തിന്റെ പാരമ്പര്യം

ഭരണഘടനയുടെ അനുച്ഛേദം 151(2) പ്രകാരം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ സംസ്ഥാന ഗവർണർക്ക് സമർപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കലാണ് പി.എ.സികളുടെ പ്രധാന ചുമതല. 1933ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലാണ് ആദ്യമായി പി.എ.സി രൂപീകരിച്ചത്. പ്രതിപക്ഷ അംഗത്തെ പി.എ.സി ചെയർപേഴ്സണാക്കുന്ന കീഴ്വഴക്കം ആദ്യമായി നടപ്പാക്കിയത് 1957ൽ കേരള നിയമസഭയിലാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 70 വർഷത്തിനിടെ കേരള പി.എ.സി 1257 റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ടുകൾ സമർപ്പിച്ച നിയമസഭാ കമ്മിറ്റിയും പി.എ.സിയാണ്.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags