കോഴാ സയന്‍സ് സിറ്റിയില്‍ വിപുല വികസനം; 3.40 കോടിയുടെ റിംഗ് റോഡ് | Keraladesham

November 3, 2026
web-logo
കേരളം

കോഴാ സയന്‍സ് സിറ്റിയില്‍ വിപുല വികസനം; 3.40 കോടിയുടെ റിംഗ് റോഡിന് തുടക്കം, ആണവ ശാസ്ത്ര പ്രദര്‍ശനം

1 minute read
Nov 2, 2026
news-image-1
Font Size:
18 px
Share :

കോഴാ സയന്‍സ് സിറ്റിയെ മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമായി വികസിപ്പിക്കുമെന്ന് ജലവിഭവ-ഭവന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. സയന്‍സ് സിറ്റിയില്‍ മൂന്നു ദിവസത്തെ ആണവ ശാസ്ത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും റിംഗ് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുന്ന തരത്തില്‍ സയന്‍സ് സിറ്റി വിപുലീകരിക്കേണ്ടതുണ്ടെന്നും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സയന്‍സ് സിറ്റിക്കുള്ളിലെ ഗതാഗതവും വിവിധ ഭാഗങ്ങളിലേക്കുള്ള പ്രവേശന ക്രമീകരണങ്ങളും മെച്ചപ്പെടുത്തുന്ന റിംഗ് റോഡ് പദ്ധതിക്ക് 3.40 കോടി രൂപയാണ് ചെലവഴിക്കുന്നത്.

കേരളത്തിന്റെ വൈദ്യുതി ആവശ്യകത കൂടിവരുന്ന സാഹചര്യത്തില്‍ ആണവോര്‍ജ്ജം ഉള്‍പ്പെടെയുള്ള മറ്റു സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത കല്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രം (ഐജിസിഎആര്‍) ഡയറക്ടര്‍ ശ്രീകുമാര്‍ ജി. പിള്ള പറഞ്ഞു.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്‍ അധ്യക്ഷയായി. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടര്‍ ജെയ്മോന്‍ ജേക്കബ്, കോഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മണി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി മത്തായി, ഗ്രാമപഞ്ചായത്തംഗങ്ങളായ സാം ജോസ് പൈനാപ്പള്ളില്‍, ജോര്‍ജ് ജി. ചെന്നേലില്‍, സയന്‍സ് സിറ്റി സയന്റിഫിക് ഓഫീസര്‍ സുജിത്ത് ബി. കല്ലറ തുടങ്ങിയവര്‍ പങ്കെടുത്തു.

ആറ്റംസ് ഇന്‍ സര്‍വീസ് ഓഫ് നേഷന്‍

രാജ്യപുരോഗതിയില്‍ ആണവ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും പങ്ക് വ്യക്തമാക്കുന്ന 'ആറ്റംസ് ഇന്‍ സര്‍വീസ് ഓഫ് നേഷന്‍' പ്രദര്‍ശനം കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഐജിസിഎആറിന്റെ സഹകരണത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ആണവോര്‍ജ്ജം, ആണവ റിയാക്ടര്‍ സാങ്കേതിക വിദ്യ, ഇന്ത്യയുടെ ആണവ ഗവേഷണ മുന്നേറ്റങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും അടുത്തറിയാന്‍ അവസരമുണ്ട്.

ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags