സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരള സർക്കാർ ഒരുക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ന്റെ സംസ്ഥാനതല ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ബിപിപിആർ സെല്ലിന്റെ പോർട്ടലും ലോഗോയും ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഭരണഭാഷാ പുരസ്കാരങ്ങളും വിതരണം ചെയ്യും.
മന്ത്രി കെ. മുരളീധരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സിനിമാ താരം ടൊവിനോ തോമസ് വിശിഷ്ടാതിഥിയായി എത്തും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് എന്നിവർക്കൊപ്പം മുതിർന്ന ഉദ്യോഗസ്ഥരും സാംസ്കാരിക പ്രവർത്തകരും കലാകാരരും കായികതാരങ്ങളും പൊതുജനങ്ങളും പങ്കെടുക്കും.
കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാപാരമ്പര്യം, കായികനേട്ടങ്ങൾ, സാമൂഹിക പുരോഗതി എന്നിവ ആഘോഷിക്കാനും കേരളീയതയുടെ സവിശേഷതകൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനുമാണ് ഫെസ്റ്റിവൽ. ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കുന്നുണ്ട്.
ഗാനാഞ്ജലിയും നൃത്താവിഷ്കാരവും
ഉദ്ഘാടനത്തിന് പിന്നാലെ വൈകിട്ട് 6 മുതൽ 8 വരെ ‘ഗാനാഞ്ജലി : കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ അരങ്ങേറും. നാടൻപാട്ടുകൾ മുതൽ നാടക-സിനിമാ സംഗീതവും സമകാലിക സംഗീതാവിഷ്കാരങ്ങളും വരെ ഉൾക്കൊള്ളിച്ച്, മലയാളസംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടത്തെ യാത്ര സംഗീതവും ദൃശ്യാവിഷ്കാരവും ചേർത്ത് അവതരിപ്പിക്കുന്നതാണ് പരിപാടി.
നാല് സർക്കാർ സംഗീത കോളേജുകളിലെ വിദ്യാർഥികളും യുവപ്രതിഭകളും പ്രശസ്ത പിന്നണിഗായകരും ഒരേ വേദിയിലെത്തും. വളർന്നുവരുന്ന കലാകാരന്മാർക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യവുമുള്ള ഗാനാഞ്ജലി ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
രാത്രി 8 മുതൽ 9 വരെ നർത്തകി സുമ വർമയുടെ നേതൃത്വത്തിൽ പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്കാരവും നടക്കും. കേരളത്തിന്റെ കലാപാരമ്പര്യവും ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യവും വേദിയിലെത്തിക്കുന്നതാകും അവതരണം.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala