നെന്മേനി സ്മാർട്ട് വില്ലേജ് ഓഫീസിനായി ഒരാഴ്ചയ്ക്കകം പണം അനുവദിച്ച് ഉത്തരവിറക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു. വയനാട്ടിലെ പൂതാടി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇരുളം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്ന കാര്യവും ഉടൻ പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
പട്ടയ അപേക്ഷകൾക്ക് ഒരു വർഷത്തിനകം പരിഹാരം
പട്ടയ സംബന്ധമായ അപേക്ഷകൾ അടുത്ത ഒരു വർഷം കൊണ്ട് തീർപ്പാക്കാനാണ് റവന്യൂ വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഇടപെടലുകൾ ഉണ്ടാകും. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവനക്കാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ കളക്ടർ വി ചെൽസാസിനി, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണൻ, സിഡ്കോ ചെയർമാൻ ടി മുഹമ്മദ്, ജില്ലാ നിർമിതി കേന്ദ്രം മെമ്പർ സെക്രട്ടറി സജിത് തുടങ്ങിയവരും ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala