പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് സംസ്ഥാനതല കായികമേള ‘കളിക്കള’ത്തിന്റെ ആദ്യ ദിനം നീന്തൽക്കുളത്തിൽ തിളങ്ങി ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾ. മൂന്ന് സ്വർണവും ഒരു വെള്ളിയും അടക്കം നാല് മെഡലുകളാണ് ചാലക്കുടി എം.ആർ.എസ് സംഘം നേടിയത്.
സ്വർണം നേടിയവർ
സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ ആതിര എം.യും 50 മീറ്ററിൽ അഭിരാമി പി.കെ.യും ഒന്നാമതെത്തി. ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പ്രിജിത പി.യും സ്വർണം സ്വന്തമാക്കി. ജൂനിയർ പെൺകുട്ടികളുടെ 50 മീറ്ററിൽ ഹൃദ്യ ഹരിമോൻ രണ്ടാം സ്ഥാനത്തോടെ വെള്ളി നേടി.
ആതിര, അഭിരാമി, പ്രിജിത എന്നിവർ പത്താം ക്ലാസിലും ഹൃദ്യ ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്. ഉപജില്ലാ, ജില്ലാ മത്സരങ്ങളിലും മുൻവർഷങ്ങളിലെ ‘കളിക്കളം’ മേളകളിലും ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കായികാധ്യാപകൻ ജയരാജൻ പറഞ്ഞു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala