സംസ്ഥാന സർക്കാർ അധികാരമേറ്റ് ആദ്യ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്ത് 12,000ത്തോളം പട്ടയങ്ങൾ വിതരണം ചെയ്തതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അറിയിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി വയനാട് തവിഞ്ഞാലിൽ നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്നിരുന്ന രണ്ടരലക്ഷത്തോളം അപേക്ഷകളിൽ 52,000 എണ്ണം ഇതിനകം തീർപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് അത് ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങൾക്കായി ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഒഴിവാക്കി, സമയബന്ധിതവും സുതാര്യവുമായി സേവനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫെയർവാല്യു പ്രശ്നം പരിശോധിക്കും
തവിഞ്ഞാൽ പ്രദേശത്ത് ഭൂമിയുടെ ഫെയർവാല്യു അമിതമായി ഉയർന്നതിനാൽ ഭൂമി വിൽപ്പനയ്ക്കും കൈമാറ്റത്തിനും ബുദ്ധിമുട്ട് നേരിടുന്നതായി ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള 12 സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഒന്നാണ് തവിഞ്ഞാലിലേത്. 2024-25 വർഷത്തെ എസ്.എ.എസ്.സി.ഐ ഫണ്ടിൽ നിന്നുള്ള 45 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം പൂർത്തിയാക്കിയത്. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ചതും ജനസൗഹൃദപരവുമായ സേവനം ഉറപ്പാക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ ഉഷ വിജയൻ എം.എൽ.എ അധ്യക്ഷയായി. ജില്ലാ കളക്ടർ വി. ചെൽസാസിനി, എ.ഡി.എം കെ. അജീഷ്, സബ് കളക്ടർ അതുൽ സാഗർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം ലിസി ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, എൽസി ജോയി, വി.കെ ശശികുമാർ, വാർഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാൻ തുടങ്ങിയവരും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala