കോട്ടയത്തെ കുടിവെള്ള പ്രതിസന്ധി: ജലജീവൻ മിഷൻ തടസങ്ങൾ പരിഹരിക്കും | Keraladesham

November 13, 2026
web-logo
കേരളം

കോട്ടയത്തെ കുടിവെള്ള പ്രതിസന്ധി: ജലജീവൻ മിഷൻ തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കും; മെഡിക്കൽ കോളജിന് പുതിയ പൈപ്പ് ലൈൻ

2 minutes read
Nov 13, 2026
news-image-1
Font Size:
18 px
Share :

കോട്ടയം ജില്ലയിൽ കുടിവെള്ള വിതരണത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെയും നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. കുടിവെള്ള വിതരണത്തിന്റെയും ജലജീവൻ മിഷന്റെയും ഓരോ നിയമസഭാ മണ്ഡലത്തിലെയും സ്ഥിതി യോഗം വിലയിരുത്തി.

ജലജീവൻ മിഷനുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ എംഎൽഎമാരും തദ്ദേശ സ്ഥാപന അധ്യക്ഷൻമാരും യോഗത്തിൽ ഉന്നയിച്ചു. പദ്ധതിയുടെ പേരിൽ റോഡുകൾ മുറിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സ്പീക്കർ നിർദേശിച്ചു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികൾ ഉദ്യോഗസ്ഥർ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നീട്ടിനൽകിയ സമയപരിധിക്കുള്ളിൽ ജില്ലയിലെ എല്ലാ ജലജീവൻ പദ്ധതികളും പൂർത്തിയാക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കും

കേന്ദ്രം നിർദേശിച്ച സമയത്തിനുള്ളിൽ നിർമാണം നടത്താനാകാത്തതിനാൽ ജലജീവൻ മിഷനു കീഴിൽ സംസ്ഥാനത്ത് നാനൂറ്റൻപതോളം പ്രവൃത്തികൾ മുടങ്ങിക്കിടക്കുകയാണെന്നും ഇതിന് കേന്ദ്ര പിന്തുണ തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുടങ്ങിയതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികൾ പൂർത്തിയായാലേ ജില്ലയിൽ കുടിവെള്ള വിതരണം തൃപ്തികരമാകൂ. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യം.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാൻമാരായി സ്റ്റാറ്റിയൂട്ടറി സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികൾ, വാട്ടർ അതോറിറ്റി, ജലവിഭവം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ, വനമേഖലയുള്ളിടങ്ങളിൽ വനം വകുപ്പ് പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും. ജനുവരിയിൽ നിലവിൽ വരുന്ന സമിതികൾ എല്ലാ മാസവും യോഗം ചേരും; മണ്ഡലതലത്തിൽ പരിഹരിക്കാനാകാത്ത വിഷയങ്ങൾ മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന മന്ത്രിതല യോഗം പരിഗണിക്കും. റോഡ് മുറിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട മന്ത്രിമാർ ചർച്ച ചെയ്ത് പരിഹാരം കാണും. വാട്ടർ അതോറിറ്റി ബില്ലുകൾ ഉൾപ്പെടെയുള്ള പരാതികൾ പരിഹരിക്കാൻ ഡിസംബർ, ജനുവരി മാസങ്ങളിൽ അദാലത്തുകൾ നടത്തും.

മെഡിക്കൽ കോളജിന് പുതിയ പൈപ്പ് ലൈൻ

കോട്ടയം മെഡിക്കൽ കോളജിലേക്ക് വെള്ളമെത്തിക്കുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ആവശ്യമായ 85 ലക്ഷം രൂപയിൽ 25 ലക്ഷം മെഡിക്കൽ കോളജും ബാക്കി 60 ലക്ഷം വാട്ടർ അതോറിറ്റിയും വഹിക്കും. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പോള ശല്യം ഒഴിവാക്കാൻ പ്രത്യേക പദ്ധതിയുടെ സാധ്യത ആരായാൻ കോട്ടയത്ത് പ്രത്യേക യോഗം വിളിക്കും; ഇതിലെ നിർദേശങ്ങൾ പരിഗണിച്ച് പോള നിർമാർജനത്തിനും നീരൊഴുക്ക് സുഗമമാക്കാനും നടപടിയുണ്ടാകും.

എംഎൽഎമാരായ നാട്ടകം സുരേഷ്, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, വിനു ജോബ് കുഴിമണ്ണിൽ, കെ. ബിനിമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags