കോട്ടയം: കുട്ടികളിലെ കുറ്റവാസനയ്ക്കു നേരെ കണ്ണടയ്ക്കുന്നതിനു പകരം അവരെ തിരുത്താനുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്സോ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ ജില്ലാതല യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ടി.സി. ജലജമോളും കെ.കെ. ഷാജുവുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികള്‍ ചെയ്യുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ സ്കൂളിലോ പോലീസ് സ്റ്റേഷനിലോ ഒത്തുതീര്‍പ്പാക്കി അവസാനിപ്പിക്കുന്നത് അവര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കണം. പോലീസ് സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് സഹിതം കുട്ടിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുന്നില്‍ എത്തിക്കുകയും വേണം.
ശിക്ഷയല്ല, തുടക്കത്തിലേ തിരുത്തല്‍
കുട്ടികളെ തിരുത്തി സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള സംവിധാനങ്ങള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനുണ്ട്. ശിക്ഷിക്കുകയല്ല, തുടക്കത്തില്‍ത്തന്നെ തിരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്കു മാത്രമാണ് കുറ്റവാസനയുള്ളതെന്നും അവരെ കണ്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ സംവിധാനങ്ങള്‍ക്കുണ്ടെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.
ഈ നിയമങ്ങളുടെ നടത്തിപ്പില്‍ പങ്കാളികളായ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. ഓരോ വകുപ്പും നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തി പരിഹരിക്കാനാണ് ജില്ലാതല യോഗങ്ങള്‍ ചേരുന്നത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും കൃത്യമായ ധാരണയുണ്ടെങ്കില്‍ മാത്രമേ പ്രശ്നങ്ങള്‍ ശരിയായി കൈകാര്യം ചെയ്യാനാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ റവന്യു റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ രമ്യ എസ്. നമ്പൂതിരി, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ ഡോ. ആശ മോഹന്‍ എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala