പങ്കാളിത്ത സമ്പദ്വ്യവസ്ഥയുടെ കാര്യത്തിൽ കോട്ടയം ജില്ലയ്ക്ക് വിപുലമായ സാധ്യതകളുണ്ടെന്ന് ഭവന നിർമാണ-ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോർഡ് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലടക്കം പ്രവാസികളെ പങ്കാളികളാക്കി നിരവധി പദ്ധതികൾ ജില്ലയിൽ നടപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരുടെ അഭിപ്രായങ്ങൾ സമാഹരിച്ച് പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. വകുപ്പുകളിൽ പദ്ധതികൾ അംഗീകരിക്കുന്നതിൽ മാത്രമായി ആസൂത്രണം ഒതുങ്ങരുതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാലത്തിനനുസരിച്ച് നടപ്പാക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ വിലയിരുത്തി വകുപ്പ് മന്ത്രിമാർ ആസൂത്രണ ബോർഡുമായി ചർച്ച ചെയ്ത് മുൻഗണനകൾ നിശ്ചയിക്കണം. ഓരോ നിയമസഭാ മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് വികസന നിർദേശങ്ങൾ ശേഖരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
നഴ്സിംഗ് മുതൽ റബർ വരെ
ഏറ്റവും കൂടുതൽ പേർ നഴ്സിംഗ് പഠനം തെരഞ്ഞെടുക്കുന്ന ജില്ലയാണ് കോട്ടയമെന്നും സംസ്ഥാനത്ത് കൂടുതൽ നഴ്സിംഗ് കോളജുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം, കൃഷി, റബർ അധിഷ്ഠിത വ്യവസായങ്ങൾ, സഹകരണം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ജില്ലയ്ക്ക് മുന്നേറാനാകും. റബർ ഉത്പാദനത്തിനൊപ്പം മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനും വിപണനത്തിനും പ്രാധാന്യം നൽകണം. സർക്കാർ, പൊതു-സഹകരണ മേഖലകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള ആസ്തികൾ കണ്ടെത്തി അവയുടെ സാധ്യതകൾ പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നാട്ടകം സുരേഷ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ ആമുഖ പ്രഭാഷണം നടത്തി. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, എംഎൽഎമാരായ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, റോണി കെ. ബേബി, കെ. ബിനിമോൻ, വിനു ജോബ് കുഴിമണ്ണിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. പി.പി. ബാലൻ, ശ്രീധർ രാധാകൃഷ്ണൻ, വരുൺ സന്തോഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും വിവിധ മേഖലകളിലെ വിദഗ്ധരും യോഗത്തിൽ ആശയങ്ങൾ പങ്കുവച്ചു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala