സംസ്ഥാനത്തിന്റെ നിലവിലെ 16 ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥ അടുത്ത അഞ്ചുവർഷം കൊണ്ട് 28 ലക്ഷം കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖരൻ. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ജില്ലാതല ആശയ രൂപീകരണയോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിലവിൽ അഞ്ചു ശതമാനമായ സാമ്പത്തിക വളർച്ചാനിരക്ക് ഏഴു ശതമാനമാക്കണം. പതിനഞ്ചാം പദ്ധതി അഞ്ചുവർഷത്തേക്ക് മാത്രമുള്ളതല്ല; 20 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള ദീർഘകാല കാഴ്ചപ്പാടാണ്. 20 വർഷം കൊണ്ട് സംസ്ഥാനത്തെ 134 ലക്ഷം കോടി രൂപയുടെ സമ്പദ്വ്യവസ്ഥയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചവത്സര പദ്ധതിക്കായി ജില്ലകൾ കേന്ദ്രീകരിച്ച് ഇത്ര വിപുലമായ കൂടിക്കാഴ്ചകൾ നടക്കുന്നത് ആദ്യമായാണ്; ഇതിനകം എട്ടു ജില്ലകളിൽ സന്ദർശനം പൂർത്തിയായി.
വെല്ലുവിളികളും സാധ്യതകളും
സാമ്പത്തിക സ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുമ്പോഴും വലിയ വികസനസാധ്യതകളുണ്ട്. ഏകദേശം 11 ലക്ഷം കോടി രൂപയുടെ ബാങ്ക് നിക്ഷേപവും പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയോളം പ്രവാസി പണമയയ്ക്കലും ആരോഗ്യ-വിദ്യാഭ്യാസ നേട്ടങ്ങളും യുവജനങ്ങളുടെ കഴിവുകളും സംസ്ഥാനത്തിന്റെ സമ്പത്താണ്. സർക്കാരിന്റെ പരിമിതമായ വിഭവങ്ങൾ മാത്രം കൊണ്ട് വികസനം സാധ്യമല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, പ്രവാസി മലയാളികൾ, സ്വകാര്യ സംരംഭകർ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവരെല്ലാം ഉൾപ്പെടുന്ന പങ്കാളിത്ത സമ്പദ്വ്യവസ്ഥയാണ് ലക്ഷ്യം. കേന്ദ്ര പദ്ധതികളിൽ നിന്ന് പരമാവധി സഹായം നേടാനും നിക്ഷേപം ആകർഷിക്കാനും ആസൂത്രണ ബോർഡിന്റെ ഘടനയിലും പ്രവർത്തനരീതിയിലും മാറ്റം വരുത്തും.
മണ്ഡലതല വികസനവും സ്മാർട്ട് മാതൃകയും
ബോർഡിലെ ഡിവിഷൻ മേധാവികൾക്ക് ജില്ലാ ചീഫുമാരുടെ ചുമതല നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും എംഎൽഎമാരും ഒന്നിച്ചുള്ള മണ്ഡലതല വികസന പരിപാടി തുടങ്ങണം. ഓരോ പദ്ധതിയുടെയും ലക്ഷ്യം, സമയപരിധി, ഫലം, ഉത്തരവാദിത്വം, പുരോഗതി വിലയിരുത്തൽ എന്നിവയ്ക്ക് സ്മാർട്ട് മാതൃക സ്വീകരിക്കും. ഐഐഎം കോഴിക്കോട്, കേരള ഡിജിറ്റൽ സർവകലാശാല എന്നിവയുടെ സാങ്കേതിക സഹായം തേടുന്നുണ്ട്; പ്ലാൻ സ്പേസ് സോഫ്റ്റ്വെയർ കൂടുതൽ വികസിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾക്കായി ആസൂത്രണ ബോർഡ് വിവര-സഹായ കേന്ദ്രമായി പ്രവർത്തിക്കും.
തൊഴിലവസരങ്ങൾ, കാർഷിക ഉൽപ്പാദനം, പ്രാദേശിക സമ്പദ്വ്യവസ്ഥ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകണം. തദ്ദേശസ്ഥാപനങ്ങളുടെ മികവ് വിലയിരുത്തുമ്പോൾ ഫണ്ട് ചെലവിനപ്പുറം സൃഷ്ടിച്ച തൊഴിലവസരങ്ങൾ, കാർഷിക ഉൽപ്പാദന വർധന, പുതിയ സംരംഭങ്ങൾ തുടങ്ങിയ ഫലസൂചകങ്ങൾക്കും പ്രാധാന്യം നൽകണമെന്നും കെ.എം. ചന്ദ്രശേഖരൻ പറഞ്ഞു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala