സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സമത്വവും സുരക്ഷയും ഉറപ്പാക്കണമെന്ന സന്ദേശമുയർത്തി തിരുവനന്തപുരം ജില്ലയിൽ വാക്കത്തോൺ നടന്നു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കവടിയാർ വിവേകാനന്ദ പാർക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അവർ പങ്കാളികൾക്ക് സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർക്കിൽനിന്ന് ആരംഭിച്ച വാക്കത്തോൺ മാനവീയം വീഥിയിൽ സമാപിച്ചു.
സമാപനച്ചടങ്ങിൽ ഐ.ജി. അജിത ബീഗം ശൈശവവിവാഹത്തിനെതിരായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനും ലിംഗസമത്വം ഉറപ്പാക്കാനും സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം അനിവാര്യമാണെന്ന് അവർ പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാടുകൾക്കും പ്രവണതകൾക്കുമെതിരെ കൂട്ടായ പ്രതിരോധം ഉയരണമെന്നും അവർ ചൂണ്ടിക്കാട്ടി.
അതിക്രമങ്ങൾ തടയുക, ലിംഗസമത്വം ഉറപ്പാക്കുക, സ്ത്രീധനവും ശൈശവവിവാഹവും ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് പങ്കാളികൾ അണിനിരന്നത്. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., നിർഭയ വോളന്റിയർമാർ, പാരാലീഗൽ വോളന്റിയർമാർ, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ എന്നിവർ വാക്കത്തോണിന്റെ ഭാഗമായി.
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ഷിംന വി.എസ്., വനിതാ സംരക്ഷണ ഓഫീസർ ഡോ. സുനിത എം.വി., ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, സങ്കൽപ്പ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നീതു എസ്. സൈനു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala