മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളുടെയും ഒൻപതാമത് കളിക്കളം കായികമേളയിൽ വയനാട് കണിയാമ്പറ്റ എംആർഎസ് നാലാം തവണയും കിരീടം സ്വന്തമാക്കി. 94 മത്സര ഇനങ്ങളിൽ 17 സ്വർണവും 10 വെള്ളിയും 5 വെങ്കലവും നേടി 134 പോയിന്റോടെയാണ് സ്കൂൾ വിഭാഗത്തിൽ കണിയാമ്പറ്റയുടെ നേട്ടം. ജില്ലാതലത്തിൽ 507 പോയിന്റുമായി വയനാട് ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തി.
12 സ്വർണവും 4 വെള്ളിയും 4 വെങ്കലവുമായി 94 പോയിന്റ് നേടിയ ചാലക്കുടി എംആർഎസാണ് റണ്ണറപ്പ്. ഒരു പോയിന്റ് വ്യത്യാസത്തിൽ 93 പോയിന്റുമായി ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് മൂന്നാമതും 81 പോയിന്റോടെ ആശ്രാം മോഡൽ പ്രസിഡൻഷ്യൽ സ്കൂൾ തിരുനെല്ലി നാലാമതുമെത്തി. ഹോസ്റ്റൽ വിഭാഗത്തിൽ 48 പോയിന്റുമായി സുൽത്താൻ ബത്തേരി ചാമ്പ്യന്മാരായി; 22 പോയിന്റോടെ മാനന്തവാടി റണ്ണറപ്പായി. ജില്ലകളിൽ കാസർഗോഡ് (104) രണ്ടാമതും പാലക്കാട് (95) മൂന്നാമതുമാണ്.
വേഗമേറിയ താരങ്ങളും വ്യക്തിഗത ചാമ്പ്യന്മാരും
കിഡ്ഡീസ് വിഭാഗത്തിൽ കണിയാമ്പറ്റയിലെ ശിവന്യ എ.ബിയും തിരുനെല്ലി എ.എം.ആർ.എസിലെ വിനുവും, സബ് ജൂനിയറിൽ അനഘലക്ഷ്മിയും തിരുനെല്ലിയിലെ ശ്രീജിത്ത് കെ.യും, ജൂനിയറിൽ തിരുനെല്ലിയിലെ ധനശ്രീയും സുൽത്താൻബത്തേരിയിലെ റനീഷ് ബാബുവും, സീനിയറിൽ ചാലക്കുടിയിലെ അനന്യ കെ.പി.യും സുൽത്താൻബത്തേരിയിലെ വിബീഷ് കെ.വിയും വേഗമേറിയ താരങ്ങളായി. നീന്തലിൽ സൗമിനി എം. (നിലമ്പൂർ ഐ.ജി.എം.ആർ.എസ്), സതീഷ് വി. (മലമ്പുഴ ആശ്രാം സ്കൂൾ), അഭിരാമി പി.കെ. (ചാലക്കുടി എം.ആർ.എസ്), അനീഷ് കെ. (അട്ടപ്പാടി ഐ.ടി.ഡി.പി) എന്നിവർ മുന്നിലെത്തി. അമ്പെയ്ത്തിൽ അർച്ചന കെ.എസ്. (പൂക്കോട് ഇ.എം.ആർ.എസ്), ആദിത്യൻ കെ.വി., മൃദുല കൃഷ്ണ, യദു കൃഷ്ണ വി.പി. (ഞാറ നീലി) എന്നിവരാണ് മികച്ച താരങ്ങൾ.
സീനിയർ ഗേൾസിൽ കണിയാമ്പറ്റയിലെ അർച്ചന വി വ്യക്തിഗത ചാമ്പ്യനായി; സീനിയർ ബോയ്സിൽ അട്ടപ്പാടിയിലെ അനീഷ് കെ, സുൽത്താൻ ബത്തേരിയിലെ ദ്വിദേശ്, ബിബീഷ് കെ.വി എന്നിവരും നേട്ടം കൊയ്തു. ജൂനിയർ ഗേൾസിൽ ചാലക്കുടിയിലെ അശ്വനി ജി.പിയും കണിയാമ്പറ്റയിലെ അവന്തിക പി. രാജനും, ജൂനിയർ ബോയ്സിൽ സതീഷ് വി, കണ്ണൂർ ഇ.എം.ആർ.എസിലെ അഖിലേഷ് ടി.സി, സുൽത്താൻ ബത്തേരി റ്റി.ഡി.ഒയിലെ റനീഷ് ബാബു എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.
ഖോ-ഖോ, കബഡി, മികച്ച പരിശീലകർ
കളിക്കളം 2026ലെ മികച്ച കോച്ചായി കണിയാമ്പറ്റ എം.ആർ.എസിലെ സത്യൻ വി.എം. തിരഞ്ഞെടുക്കപ്പെട്ടു. ഖോ-ഖോയിൽ സജിത ജെ (ചാലക്കുടി), യദു കൃഷ്ണ എസ് (നല്ലൂർനാട്) എന്നിവരും കബഡിയിൽ അഞ്ജന ദേവി ടി.ആർ (അട്ടപ്പാടി), അനന്തു എസ്.കെ. (കണ്ണൂർ) എന്നിവരും മികച്ച താരങ്ങളായി. കബഡിയിൽ കതിർവേലും രാജേഷ് ചന്ദ്ര പി.വിയും, ഖോ-ഖോയിൽ ജയരാജൻ കെ.ബിയും രാജേഷ് ചന്ദ്ര പി.വിയും മികച്ച പരിശീലകരായി. മാർച്ച് പാസ്റ്റിലും ബാൻഡ് ടീമിലും ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂൾ കട്ടേല ഒന്നാമതെത്തി.
കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു. മൂന്ന് ദിവസം നീണ്ട മേളയിൽ സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും 113 പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നുമായി 1500 കുട്ടികളാണ് മത്സരിച്ചത്.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala