മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ തടസ്സങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് നിർദ്ദേശം.
റോഡ് വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്ന വിവിധ വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണുന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി.
ചർച്ചയായ പ്രധാന വിഷയങ്ങൾ
സ്റ്റേറ്റ് ബാങ്ക്-മാനാഞ്ചിറ ഭാഗത്തെ റോഡ് പൂർത്തീകരണത്തിന് നിലവിലുള്ള തടസ്സങ്ങൾ, എസ്.ബി.ഐ ജംഗ്ഷന് നടുവിലുള്ള കെ.ടി. മുഹമ്മദ് പ്രതിമയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ യോഗം വിലയിരുത്തി. റോഡിനായി ഏറ്റെടുത്ത ഭൂമിയിൽ മാലൂർക്കുന്ന് എ.ആർ ക്യാമ്പ് ഉപയോഗിച്ചുവരുന്ന വാട്ടർ സംപ് അടിയന്തരമായി പൊളിച്ചുമാറ്റുന്നതും ചർച്ചയായി.
പുതിയ ബസ് ബേകളും ബസ് ഷെൽട്ടറുകളും സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതും കാൽനടയാത്രക്കാർക്ക് തടസ്സമാകുന്ന വിധത്തിൽ സ്ഥാപിച്ച കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകളും ആർ.എം.യു യൂണിറ്റുകളും സമീപത്തെ സർക്കാർ ഭൂമിയിലേക്കോ ഉയർന്ന പ്ലാറ്റ്ഫോമുകളിലേക്കോ മാറ്റുന്നതും യോഗം പരിഗണിച്ചു. നവീകരണം പൂർത്തിയാകുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസ് ബേകൾക്ക് കൂടുതൽ സ്ഥലം കണ്ടെത്താനും റോഡ് ഭിന്നശേഷി സൗഹൃദമായി നിർമ്മിക്കാനും എം.എൽ.എ നിർദ്ദേശിച്ചു.
ഡെപ്യൂട്ടി കളക്ടർ (എൽ.എ) സി. സുബൈർ, തഹസിൽദാർ, അതോറിറ്റി എൻജിനീയർ, മിഡ്ലാൻഡ് കോൺട്രാക്ടർ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala