കോട്ടയത്ത് ഭക്ഷ്യസുരക്ഷാ പദ്ധതികൾ മികച്ചതെന്ന് ഭക്ഷ്യ കമ്മീഷൻ | Keraladesham

November 25, 2026
web-logo
കേരളം

കോട്ടയത്ത് ഭക്ഷ്യസുരക്ഷാ പദ്ധതികൾ മികച്ച നിലയിലെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ; അങ്കണവാടികളും ഗോഡൗണുകളും സന്ദർശിച്ചു

1 minute read
Nov 25, 2026
news-image-1
Font Size:
18 px
Share :

കോട്ടയം ജില്ലയിൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പദ്ധതികൾ മികച്ച രീതിയിലാണ് നടപ്പാക്കുന്നതെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ. കമ്മീഷൻ അംഗം കെ.എൻ. സുഗതനൊപ്പം ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ വിലയിരുത്തൽ നടത്തിയത്.

ഏറ്റുമാനൂർ, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം മേഖലകളിലെ അങ്കണവാടികൾ, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകൾ, എൻ.എഫ്.എസ്.എ. ഗോഡൗണുകൾ എന്നിവിടങ്ങളിലാണ് കമ്മീഷൻ പരിശോധന നടത്തിയത്.

ഐ.സി.ഡി.എസ്, സിവിൽ സപ്ലൈസ്, കുടുംബശ്രീ എന്നിവയുടെ പ്രവർത്തനങ്ങളും വിതരണ സംവിധാനവും കമ്മീഷൻ വിലയിരുത്തി. ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന വകുപ്പുകളുടെ ജില്ലയിലെ പ്രവർത്തനം തൃപ്തികരമാണെന്ന് വ്യക്തമാക്കിയ കമ്മീഷൻ, പദ്ധതി നിർവഹണത്തിൽ മികവ് പുലർത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.

എൻ.എഫ്.എസ്.എ. പദ്ധതികളുടെ മേൽനോട്ടവും നിരീക്ഷണവുമാണ് കമ്മീഷന്റെ ചുമതലയെന്ന് ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. ആരെയും ശിക്ഷിക്കുകയല്ല, പ്രവർത്തനങ്ങൾ തിരുത്തി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഒപ്പം ചേർത്ത് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ റെജീന, താലൂക്ക് സപ്ലൈ ഓഫീസർമാരായ തരുൺ തമ്പി, സുനിത കുമാരി, അനിൽകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ദിനേശ്, മനോജ്, ലസിത, ഫുഡ് സേഫ്റ്റി ഓഫീസർ ഷെറിൻ സാറാ ജോർജ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags