കേരളത്തിന് എഴുപതിന്റെ നിറവ്: 'ഫെസ്റ്റിവൽ ഓഫ് കേരളം' തുടങ്ങി | Keraladesham

November 2, 2026
web-logo
കല & സംസ്കാരം

കേരളത്തിന് എഴുപതിന്റെ നിറവ്: ഒരുവർഷം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് കേരളം' നിശാഗന്ധിയിൽ തുടങ്ങി

2 minutes read
Nov 2, 2026
news-image-1
Font Size:
18 px
Share :

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ട് പൂർത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒരുവർഷം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് കേരളം' ആഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

നേടിയെടുത്ത നേട്ടങ്ങളെ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച് മലയാളികൾ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിഭംഗി മാത്രമല്ല, സഹവർത്തിത്വവും എല്ലാ സമൂഹങ്ങളെയും ചേർത്തുപിടിക്കാനുള്ള കഴിവുമാണ് കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന ഖ്യാതി നേടിക്കൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, എഴുപത് വർഷത്തിനിടെ കേരളം ആന്തരികമായി ദൃഢമായെന്നും വരുംതലമുറയ്ക്ക് പുതുയുഗം സമ്മാനിക്കാൻ വി ഡി സതീശൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരു സമൂഹമെന്ന നിലയിൽ ഒന്നിച്ചുനിന്ന് പരസ്പരം താങ്ങും തണലുമാകുന്നതാണ് മലയാളിയുടെ പ്രത്യേകതയെന്ന് വിശിഷ്ടാതിഥിയായ നടൻ ടൊവിനോ തോമസ് അഭിപ്രായപ്പെട്ടു.

ബിപിപിആർ പോർട്ടലും ഭരണഭാഷാ പുരസ്കാരങ്ങളും

സർക്കാർ ചട്ടങ്ങളിലും നിയമങ്ങളിലും നടപടിക്രമങ്ങളിലും മാറ്റം വരുത്താൻ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാവുന്ന ബിപിപിആർ പോർട്ടൽ മന്ത്രി പി സി വിഷ്ണുനാഥ് ലോഞ്ച് ചെയ്തു. കേരളപ്പിറവിയോടനുബന്ധിച്ചുള്ള സമകാലിക ജനപഥത്തിന്റെ പ്രത്യേക ഭാഷാ പതിപ്പും അദ്ദേഹം പ്രകാശനം ചെയ്തു. വിവിധ വകുപ്പുകൾക്കുള്ള ഭരണഭാഷാ പുരസ്കാരങ്ങൾ മന്ത്രി സി പി ജോണും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വിതരണം ചെയ്തു; മന്ത്രി വിഷ്ണുനാഥ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് സ്വാഗതവും സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി എസ് നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന് ശേഷം മലയാള സംഗീതത്തിന്റെ ഏഴ് പതിറ്റാണ്ടിന്റെ പരിണാമം സംഗീതവും ദൃശ്യാവിഷ്കാരവും സമന്വയിപ്പിച്ച് അവതരിപ്പിച്ച 'ഗാനാഞ്ജലി: കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന' അരങ്ങേറി. ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയും ചേർന്നാണ് ഇത് ഒരുക്കിയത്. തുടർന്ന് നർത്തകി സുമ വർമയുടെ നേതൃത്വത്തിൽ ശാസ്ത്രീയ നൃത്താവിഷ്കാരവും നടന്നു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാപാരമ്പര്യം, കായികനേട്ടങ്ങൾ, സാമൂഹിക പുരോഗതി എന്നിവ ആഘോഷിക്കാനും കേരളീയതയുടെ സവിശേഷതകൾ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കാനുമാണ് ഫെസ്റ്റിവൽ. ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിലും 'ഫെസ്റ്റിവൽ ഓഫ് കേരളം' സംഘടിപ്പിക്കും.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags