വിഷ്വൽ ആർട്ട് രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ രാജാ രവിവർമ്മ പുരസ്കാരം 2023, 2024 വർഷങ്ങളിലേക്ക് പ്രഖ്യാപിച്ചു. ആധുനിക കലാകാരന്മാരിൽ ശ്രദ്ധേയനായ സി. ഡഗ്ലസ് 2023ലെ പുരസ്കാരത്തിനും പ്രശസ്ത ശില്പി എൻ.എൻ. റിംസൺ 2024ലെ പുരസ്കാരത്തിനും അർഹരായി. പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മൂന്ന് ലക്ഷം രൂപയും കീർത്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യൻ ചിത്രകലയുൾപ്പെടെ കലാരംഗത്ത് നിസ്തുല സംഭാവന നൽകിയ രാജാ രവിവർമ്മ ഭാരതീയ മനസ്സിൽ കലയുടെ പര്യായമാണെന്നും അതിനാലാണ് സംസ്ഥാനത്തിന്റെ പരമോന്നത വിഷ്വൽ ആർട്ട് പുരസ്കാരം അദ്ദേഹത്തിന്റെ പേരിൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ഡഗ്ലസ്: സാർവദേശീയ കാഴ്ചപ്പാടുള്ള കലാകാരൻ
മദ്രാസ് കലാപ്രസ്ഥാനത്തിന്റെ ഭാഗമായ പ്രമുഖ ഇന്ത്യൻ കലാകാരനാണ് സി. ഡഗ്ലസ്. പ്രാദേശിക മുൻഗണനകൾക്കപ്പുറം സാർവദേശീയമായ വിശ്വമാനവിക കാഴ്ചപ്പാടും ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചതെന്നും സമകാലീന ഇന്ത്യൻ ചിത്രകലയിൽ സുദീർഘവും പരീക്ഷണാത്മകവുമാണ് അദ്ദേഹത്തിന്റെ കലാപ്രവർത്തനങ്ങളെന്നും ജൂറി വിലയിരുത്തി. മുതിർന്ന കലാകാരൻ പി. ഗോപിനാഥ് ചെയർപേഴ്സണും ആർ. ശാന്താമണി, ഡോ. സി.എസ്. ജയറാം, ടി.വി. സന്തോഷ്, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അന്ന് അക്കാദമി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ഡഗ്ലസിനെ തെരഞ്ഞെടുത്തത്.
റിംസൺ: തലമുറകളെ സ്വാധീനിച്ച ശില്പി
1980കൾ മുതൽ നീളുന്ന കരിയറിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന പ്രദർശനങ്ങളിൽ വൈവിധ്യപൂർണമായ നിരവധി സൃഷ്ടികൾ അവതരിപ്പിച്ച എൻ.എൻ. റിംസൺ ശില്പകലയിലും സമകാലീന കലയിലും ശ്രദ്ധേയ സംഭാവനകൾ നൽകിയതായി ജൂറി ചൂണ്ടിക്കാട്ടി. വിവിധ തലമുറകളിലെ കലാകാരന്മാരെ ഏറെ സ്വാധീനിച്ച കലാകാരൻ കൂടിയാണ് അദ്ദേഹം. മുതിർന്ന കലാകാരി പുഷ്പമാല എൻ. ചെയർപേഴ്സണും ആർ. നന്ദകുമാർ, സുരേന്ദ്രൻ നായർ, മെമ്പർ സെക്രട്ടറി രാജി ആർ. പിള്ള (അക്കാദമി സെക്രട്ടറി ഇൻ-ചാർജ്) എന്നിവർ അംഗങ്ങളുമായ ജൂറിയാണ് റിംസണെ തെരഞ്ഞെടുത്തത്.
കേരള ലളിതകലാ അക്കാദമി ചെയർമാൻ പ്രൊഫ. എസ്. പ്രകാശ് മൂർത്തി, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala