എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് | Keraladesham

November 2, 2026
web-logo
കല & സംസ്കാരം

എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്; അഞ്ചുലക്ഷം രൂപയുടെ ബഹുമതി കോഴിക്കോട്ട് സമ്മാനിക്കും

2 minutes read
Nov 1, 2026
news-image-1
Font Size:
18 px
Share :

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ 2026 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പിന്നീട് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കവി കെ.ജി.എസ്. അധ്യക്ഷനും കൽപറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാജോസഫ് എന്നിവർ അംഗങ്ങളും എം.പി. സുരേന്ദ്രൻ മെംബർ സെക്രട്ടറിയുമായ ജൂറി ഏകകണ്ഠമായാണ് ജേതാവിനെ തെരഞ്ഞെടുത്തത്. അനന്യമായ ലാവണ്യബോധവും ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിലെന്ന് ജൂറി വിലയിരുത്തി.

വരുംതലമുറയുടെ കൂടി എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകതയുമായി കോർത്തിണക്കി ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയ സാന്നിധ്യമായ അദ്ദേഹത്തിന്റെ നോവൽ, ചെറുകഥ, കവിത, ശാസ്ത്രലേഖനങ്ങൾ എന്നിവയിലെല്ലാം മൗലികമായൊരു തത്വശാസ്ത്രം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജൂറിയുടെ നിരീക്ഷണങ്ങൾ

എന്തെഴുതുമ്പോഴും കവിയായിരിക്കുന്ന 'സർവാംഗം കവി'യും ചെറുകഥയിലെ ആർക്കിടെക്റ്റുമാണ് മേതിലെന്ന് ജൂറി രേഖപ്പെടുത്തി. 'സംഗീതം ഒരു സമയകലയാണ്', 'ഹിച്ച്കോക്കിന്റെ ഇടപെടൽ', 'കയറിന്റെ അറ്റം', 'മെലിഞ്ഞവരുടെ മനശ്ശാസ്ത്രം', 'എങ്ങനെയൊരു പഴുതാരയെ കൊല്ലാം' തുടങ്ങിയ കൃതികൾ ബഹുനിലകളുള്ള മായാമന്ദിരങ്ങളാണ്. ലോകകവിത, പരിസ്ഥിതി, സംഗീതം, നരവംശശാസ്ത്രം, ചരിത്രം, ഷഡ്പദവിജ്ഞാനീയം തുടങ്ങിയവയിലെ താത്പര്യം ഉപന്യാസങ്ങളെ സവിശേഷമാക്കുന്നു. പതിറ്റാണ്ടുകളായി ഭാഷയിൽ നവക്രമം സൃഷ്ടിക്കുന്ന അദ്ദേഹം എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരത്തിന് പൂർണ അർഹനാണെന്നും ജൂറി വ്യക്തമാക്കി.

ജീവിതവും കൃതികളും

1944 ഓഗസ്റ്റ് 24ന് പാലക്കാട് ജില്ലയിലെ ആലത്തൂർ പുതിയങ്കത്ത് പാറക്കാട്ട് ഗോവിന്ദ മേനോന്റെയും മേതിൽ കമലയുടെയും മകനായി ജനിച്ചു. ചിറ്റൂർ ഗവൺമെന്റ് കോളേജിലും തൃശ്ശൂർ കേരളവർമ്മ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. നോർവീജിയൻ ഷിപ്പിംഗ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗം മേധാവിയായും നെസ്റ്റ് സോഫ്റ്റ്‌വെയർ യു എസ് എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും ദീർഘകാലം പ്രവർത്തിച്ചു. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിന്റെ പന്ത്, മേതിൽ കഥകൾ, മേതിൽ കവിതകൾ, രോമം, ദൈവം മനുഷ്യൻ യന്ത്രം, ആൽബട്രോസിന്റെ കരച്ചിൽ, സൂര്യമത്സ്യത്തെ വിവരിക്കൽ, ഇവിടെ ഒരു വവ്വാൽ ഇല്ല, സീബ്ര ക്രോസിംഗ് തുടങ്ങിയവ പ്രധാന കൃതികൾ. ജീവിതപങ്കാളി: പരേതയായ പ്രഭാവതി. മക്കൾ: പരേതയായ ജൂൺ, ജൂലിയൻ.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടർ ഇമ്പശേഖർ, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപ്പറ്റ നാരായണൻ, സെക്രട്ടറി എം പി സുരേന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags