ഇന്ത്യയെപ്പോലെ വൈവിധ്യമാർന്ന ഒരു ജനാധിപത്യരാജ്യം നേരിടാനിടയുള്ള എല്ലാ പ്രശ്നങ്ങളെയും മുൻകൂട്ടിക്കണ്ട് അവയെ അഭിസംബോധന ചെയ്ത സമാനതകളില്ലാത്ത ഭരണഘടനയാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരള സർവകലാശാലയിലെ ബി.ആർ. അംബേദ്കർ ചെയർ സെനറ്റ് ചേംബറിൽ സംഘടിപ്പിച്ച ഭരണഘടനാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിന്റെ ബാക്കിപത്രമാണ് ഇന്ത്യൻ ഭരണഘടനയുടെ പൈതൃകമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മാത്രമായുള്ള സമരമായിരുന്നില്ല അത്; കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവരുടെ സാമൂഹിക നീതിക്കായുള്ള പോരാട്ടമായിരുന്നു. ഈ അടിത്തറയിലാണ് ഭരണഘടന കെട്ടിപ്പടുത്തത്.
വായിക്കുന്തോറും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഇന്ത്യൻ ഭരണഘടന. വലിയ ആശയങ്ങളുടെ പിൻബലത്തിലും എല്ലാ രാജ്യങ്ങളുടെയും ഭരണഘടനകൾ ചർച്ച ചെയ്തുമാണ് ഓരോ അനുച്ഛേദവും രൂപപ്പെടുത്തിയത്. ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ വായിക്കുമ്പോൾ ഓരോ അനുച്ഛേദത്തിന്റെയും പിന്നിലെ ഉദ്ദേശ്യലക്ഷ്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റുവിന്റെയും ഗാന്ധിജിയുടെയും നിതാന്ത വിമർശകനായിരുന്ന അംബേദ്കറെയാണ് നെഹ്റു ആദ്യ മന്ത്രിസഭയിൽ നിയമമന്ത്രിയായി തെരഞ്ഞെടുത്തത്. എല്ലാവരെയും ഉൾച്ചേർക്കുന്ന ഈ വിശാല സങ്കൽപ്പം ഭരണഘടനാ നിർമാണത്തിലും പ്രതിഫലിച്ചുവെന്നും അതാണ് ഭരണഘടനയുടെ മൂല്യം വർധിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചിന്തിക്കാനുള്ള അവകാശമാണ് ഇപ്പോൾ ചർച്ചാവിഷയമെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ എന്ത് ചിന്തിക്കണമെന്ന് ആധുനിക സാങ്കേതികവിദ്യ നിർദേശിക്കുന്ന കാലത്ത് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നിലനിർത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ ശേഷാദ്രിനാഥൻ എൻ, ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ അഡ്വ. വള്ളക്കടവ് ജി. മുരളീധരൻ, സർവകലാശാലാ നിയമ വകുപ്പ് മേധാവി സിന്ധു തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala