വനസംരക്ഷകരായ വിദ്യാർഥികൾക്ക് ഗ്രീൻ വിസ: മന്ത്രി ഷിബു ബേബിജോൺ | Keraladesham

November 27, 2026
web-logo
സർക്കാർ അറിയിപ്പുകൾ

വനസംരക്ഷകരായ വിദ്യാർഥികൾക്ക് ഗ്രീൻ വിസ; കേരളത്തിലെ വനങ്ങൾ സന്ദർശിക്കാം: മന്ത്രി ഷിബു ബേബിജോൺ

2 minutes read
Nov 27, 2026
news-image-1
Font Size:
18 px
Share :

വനസംരക്ഷണത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് ഗ്രീൻ വിസ നൽകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബിജോൺ പ്രഖ്യാപിച്ചു. കേരളത്തിലെ വനങ്ങൾ സന്ദർശിക്കാനുള്ള അനുമതിയാണ് ഗ്രീൻ വിസയിലൂടെ ലഭിക്കുക. വനസംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയിലെത്തിക്കുകയാണ് ലക്ഷ്യം. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വനവികസന ഏജൻസി തിരുവനന്തപുരം അപ്പോളോ ഡിമോറയിൽ സംഘടിപ്പിക്കുന്ന ഫോറസ്റ്റ് ഫോർ ഫ്യൂച്ചർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടായെന്നും അത് ജനങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് അങ്കണവാടിയിലെത്താനുള്ള യാത്രാക്ലേശം രണ്ടു ദിവസത്തിനകം വാഹനസൗകര്യം ഒരുക്കി പരിഹരിച്ചു. ആദിവാസി ഉന്നതികളിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ വേണമെന്ന ആവശ്യത്തിനും പിറ്റേന്നുതന്നെ പരിഹാരം കണ്ടു. ഈ കാലയളവിൽ എട്ടോളം വനമേഖലകൾ സന്ദർശിക്കുകയും 15 ഓളം ആദിവാസി സമൂഹങ്ങളുമായി സംസാരിക്കുകയും ചെയ്തതായും വകുപ്പിന്റെ പ്രവർത്തനങ്ങൾ മലയോര കർഷകരെ വിശ്വാസത്തിലെടുത്തായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേച്ചർ ഫെസ്റ്റിവലും കാർബൺ ഡാഷ്ബോർഡും

ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളയിലൂടെ ഇന്ത്യയിലെ ആദ്യ നേച്ചർ സെലിബ്രേഷന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും സംസ്ഥാനത്തിന്റെ സംയോജിത വനസംരക്ഷണ രീതികൾ ഇതിലൂടെ ലോകശ്രദ്ധ നേടുമെന്നും മന്ത്രി പറഞ്ഞു. വീടുകളിലെ കാർബൺ എമിഷൻ കണ്ടെത്താൻ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്സ് കോൺവെന്റ് സ്കൂളിൽ വികസിപ്പിച്ച ഡാഷ് ബോർഡ് വനം വകുപ്പ് ഏറ്റെടുത്ത് എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കും.

വനസംരക്ഷണം, സുസ്ഥിര മൂല്യവർധിത ഉപയോഗം, ഇക്കോ ടൂറിസത്തിലൂടെ പ്രീമിയം ബയോ ഡൈവേഴ്സിറ്റി എക്സ്പീരിയൻസ് എന്നിവ എങ്ങനെ സാധ്യമാക്കാമെന്നതിന് ഫീൽഡ് ഉദ്യോഗസ്ഥരും വിഷയ വിദഗ്ധരും ചേർന്ന് കോൺക്ലേവിൽ രൂപരേഖ തയ്യാറാക്കും. വനവിഭവ സമാഹരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ്, ഇക്കോ ടൂറിസത്തിലെ നൂതന സാധ്യതകൾ, അധിനിവേശ സസ്യങ്ങളുടെ നിർമാർജനം എന്നീ വിഷയങ്ങളിൽ വിദഗ്ധർ ആശയങ്ങൾ അവതരിപ്പിച്ചു.

പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും വനം വകുപ്പ് മേധാവിയുമായ രാജേഷ് രവീന്ദ്രൻ അധ്യക്ഷനായി. വനം വകുപ്പ് സെക്രട്ടറി കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, ദീപക് മിശ്ര, ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഡോ. എൽ. ചന്ദ്രശേഖർ, സുനിൽ പാമീഡി തുടങ്ങിയവർ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags