വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം തുടങ്ങിയതോടെ മേഖലയിൽ സമുദ്രസേവനങ്ങൾക്കുള്ള ആവശ്യം കൂടുന്ന സാഹചര്യത്തിൽ, വിഴിഞ്ഞം-കോവളം ചെറുകിട തുറമുഖത്തെ സർവീസ് ഹാർബറായി വികസിപ്പിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു. കേൽക്കർ, കേരള മാരിടൈം ബോർഡ് സി.ഇ.ഒയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജെറോമിക് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തുറമുഖം സന്ദർശിച്ചു.
കേരള മാരിടൈം ബോർഡിന്റെ ഭരണനിയന്ത്രണത്തിലുള്ള തുറമുഖത്തെ നിലവിലെ സൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും സംഘം വിലയിരുത്തി. മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്ന വികസന പ്രവർത്തനങ്ങളുടെ സാധ്യതകളും പരിശോധിച്ചു.
കപ്പലുകൾക്ക് സേവനങ്ങൾ ഒരിടത്ത്
അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കപ്പൽപാതയിൽനിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം. ഈ സ്ഥാനം പ്രയോജനപ്പെടുത്തി കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കൽ, അറ്റകുറ്റപ്പണി, കപ്പൽ ഉപകരണങ്ങളുടെയും അവശ്യവസ്തുക്കളുടെയും വിതരണം, ജീവനക്കാരെ മാറ്റാനുള്ള സൗകര്യം, താൽക്കാലികമായി നങ്കൂരമിടാനുള്ള സൗകര്യം തുടങ്ങിയവ സർവീസ് ഹാർബറിലൂടെ ലഭ്യമാക്കാനാണ് മാരിടൈം ബോർഡ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് കേരള മാരിടൈം ബോർഡിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമി വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുബന്ധമായി മേഖലയിലെ സമുദ്രസേവന അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താനും പുതിയ സേവനമേഖലകൾക്ക് വഴിയൊരുക്കാനും നിർദിഷ്ട പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala