സമൂഹത്തിലെ സാധാരണക്കാരോട് സംവദിക്കാൻ കഴിയുന്നതാകണം ഭരണഭാഷയെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധൻ ഡോ. ആർ. ശിവകുമാർ. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ ആസൂത്രണ സമിതി ഹാളിൽ സംഘടിപ്പിച്ച 'ഭരണഭാഷ; തത്വവും പ്രയോഗവും' എന്ന പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക കത്തിടപാടുകളിലും മറ്റു രേഖകളിലും എല്ലാവർക്കും മനസിലാകുന്ന ലളിതവും കൃത്യവുമായ മലയാളം ഉപയോഗിക്കുന്നതിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ദീർഘകാല ഉപയോഗത്തിലൂടെ പ്രചാരത്തിലായിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും ഇപ്പോഴും ഫയലുകളിൽ കടന്നുവരുന്നുണ്ട്. അതിനാൽ ഭരണഭാഷയിലെ കാലോചിതമായ പരിഷ്കാരങ്ങളെക്കുറിച്ച് ജീവനക്കാർ ധാരണ നേടണമെന്നും ഡോ. ശിവകുമാർ ചൂണ്ടിക്കാട്ടി.
ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവ സംയുക്തമായാണ് പരിപാടി ഒരുക്കിയത്. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, ഡെപ്യൂട്ടി ടൗൺ പ്ലാനർ പി.കെ. സുധീർ എന്നിവർ സംസാരിച്ചു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala