ശബരിമല: എരുമേലിയിൽ ആയിരം പേർക്ക് സൗജന്യ വിരി; റോഡ് പണി ഒരാഴ്ചയിൽ | Keraladesham

November 10, 2026
web-logo
കേരളം

ശബരിമല തീർഥാടനം: കോട്ടയത്തെ റോഡ് അറ്റകുറ്റപ്പണി ഒരാഴ്ചക്കുള്ളിൽ; എരുമേലിയിൽ ആയിരം പേർക്ക് സൗജന്യ വിരി

2 minutes read
Nov 9, 2026
news-image-1
Font Size:
18 px
Share :

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. എരുമേലി ഇടത്താവളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ എരുമേലി ദേവസ്വം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പുതുതായി നിർമാണം പൂർത്തിയാക്കിയ എരുമേലി ഇടത്താവള സമുച്ചയത്തിൽ തീർഥാടകർക്ക് വിരി വയ്ക്കാൻ സൗകര്യമൊരുക്കും. പാർക്കിംഗ് ഫീസും ഭക്ഷ്യവസ്തുക്കളുടെ വിലയും അമിതമായി ഈടാക്കുന്നത് തടയാൻ കർശന നടപടിയുണ്ടാകുമെന്നും തീർഥാടനവുമായി ബന്ധപ്പെട്ട ആശുപത്രികളിൽ അടിയന്തര പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആയിരം പേർക്ക് സൗജന്യ വിരി

ഇടത്താവള സമുച്ചയത്തിൽ ആയിരത്തോളം തീർഥാടകർക്ക് സൗജന്യമായി വിരി വയ്ക്കാൻ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. താഴത്തെ നിലയിൽ അന്നദാനവും മുകളിലത്തെ നിലയിൽ വിരി സൗകര്യവും ഒരുക്കുന്നതാണ് പരിഗണനയിലുള്ളത്. ശുചീകരണത്തിനും വിശ്രമകേന്ദ്രത്തിന്റെ നടത്തിപ്പിനുമായി ചുമതലക്കാരെ നിയോഗിക്കും.

ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സ്ക്വാഡുകൾ 24 മണിക്കൂറും പ്രവർത്തിക്കും. കെഎസ്ആർടിസി എരുമേലി ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 25 ബസുകൾ ലഭ്യമാക്കും. സ്ഥിരം സർവീസുകൾ നവംബർ 15ന് ആരംഭിക്കും; തിരക്ക് കണക്കിലെടുത്ത് ആവശ്യമെങ്കിൽ നവംബർ 13 മുതൽ സർവീസ് തുടങ്ങാനും സജ്ജമാണ്.

ആരോഗ്യ, സുരക്ഷാ ക്രമീകരണങ്ങൾ

എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനവും അഡീഷണൽ ഡോക്ടറുടെ സേവനവും ഉറപ്പാക്കും. എരുമേലിയിലെ 25 കിണറുകളിലെ ജലം ലാബ് പരിശോധനയ്ക്ക് അയച്ചു; അടുത്ത ആഴ്ച പ്രത്യേക ക്ലോറിനേഷൻ കാമ്പയിൻ നടത്തും. കാനനപാതയിൽ രാവിലെ എട്ടു മുതൽ അഞ്ചു വരെ മൊബൈൽ മെഡിക്കൽ സംഘം ഉണ്ടാകും. ജലാശയ സുരക്ഷയുടെ ഭാഗമായി അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘങ്ങൾ കാളകെട്ടിയിലും അഴുതയിലും സേവനം നൽകും.

എം.എൽ.എമാരായ റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, സ്ഥിരം സമിതി അധ്യക്ഷൻ നാസർ പനച്ചി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. പീതാംബരൻ, ദേവസ്വം കമ്മിഷണർ ബി. സുനിൽ കുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു. വിവിധ വകുപ്പ്, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും സാമുദായിക-സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags