അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ | Keraladesham

November 27, 2026
web-logo
കേരളം

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേള: കേരള പവലിയന് വെള്ളി മെഡൽ, താരമായി ചലിക്കുന്ന കൊമ്പൻ

1 minute read
Nov 27, 2026
news-image-1
Font Size:
18 px
Share :

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നുവരുന്ന 45-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ. 31 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മത്സരിച്ച പ്രദർശന വിഭാഗത്തിലാണ് കേരള പവലിയൻ ഈ നേട്ടം സ്വന്തമാക്കിയത്. കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ് സംസ്ഥാനത്തിന് ഈ അംഗീകാരം.

ഭാരത് മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐറ്റിപിഒ ഡയറക്ടർ ജാവേദ് അഷ്‌റഫിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ് പുരസ്കാരം ഏറ്റുവാങ്ങി. അഡിഷണൽ ഡയറക്ടർ കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർ സി.എഫ്. ദിലീപ് കുമാർ, ഇൻഫർമേഷൻ ഓഫീസർമാരായ ശ്രീകാന്ത് എം. ഗിരിനാഥ്, പി.ആർ. സാബു, പ്രതീഷ് ഡി. മണി, അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പവലിയനിലെ ആകർഷണങ്ങൾ

കൊമ്പനാനയുടെ ചലിക്കുന്ന മാതൃകയായിരുന്നു കേരള പവലിയന്റെ മുഖ്യ ആകർഷണം. സംസ്ഥാനത്തിന്റെ തനത് വിഭവങ്ങൾ, കൈത്തറി-കരകൗശല ഉത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ പ്രദർശിപ്പിച്ച സ്റ്റാളുകളും സന്ദർശകരെ ഏറെ ആകർഷിച്ചു.

കേരളത്തിന്റേതായി 23 സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. കൈത്തറി, ടെറാക്കോട്ട കരകൗശല ഉത്പന്നങ്ങൾ, കാപ്പി, തേയില, വെളിച്ചെണ്ണ, കൂൺ കൊണ്ടുള്ള പായസം, സ്മൂത്തി, കാപ്പിപ്പൊടി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പിന് കീഴിലുള്ള സാഫിന്റെയും നേതൃത്വത്തിലുള്ള ഫുഡ് കോർട്ടുകളിൽ കേരളത്തിന്റെ തനത് പലഹാരങ്ങളും വിഭവങ്ങളും രുചിക്കാൻ വലിയ തിരക്കായിരുന്നു.

ഭാരത് മണ്ഡപത്തിലെ വിവിധ ഹാളുകളിലായി നടക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 11 വിദേശ രാജ്യങ്ങളിൽ നിന്നുമായി 3,500-ലധികം പ്രദർശകരും 600-ഓളം സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്. മേള 27-ന് സമാപിക്കും.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags