പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നൽകിയ മന്ത്രിസഭ, ഭവന ധനസഹായ തുകയും ഉയർത്തി. പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും നാലു ലക്ഷം രൂപയായിരുന്ന സഹായം ആറു ലക്ഷമാക്കി. പട്ടികവർഗ വിഭാഗത്തിനുള്ള സഹായം ആറു ലക്ഷത്തിൽ നിന്ന് എട്ടു ലക്ഷമായി വർധിപ്പിച്ചു.
കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിലെ വീഴ്ചയെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സംസ്ഥാന വിജിലൻസിനെ ചുമതലപ്പെടുത്തി. ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെയാകും അന്വേഷണം.
സർക്കാർ ജോലിയും ധനസഹായവും
പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയുടെ തുടർപഠനത്തിന് പ്രത്യേക ധനസഹായവും അനുവദിക്കും. 2026 ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ഇന്ത്യയ്ക്കായി രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിനും സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിർദേശപ്രകാരം 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3-ലെ ഒബിസി പട്ടികയിൽ എൻട്രി നമ്പർ 55-ൽ പട്ടാരിയ വിഭാഗത്തെയും എൻട്രി നമ്പർ 62-ൽ ശാലിയ വിഭാഗത്തെയും ഉൾപ്പെടുത്തും.
പൊലീസിൽ കൂടുതൽ വനിതകൾ
പൊലീസിൽ വനിതാ പ്രാതിനിധ്യം കൂട്ടാൻ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലെ പുരുഷ-വനിതാ നിയമന അനുപാതം 9:1-ൽ നിന്ന് 7:3 ആയി മാറ്റി. പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യാനും തീരുമാനമായി.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala