റോഡപകട മരണം പകുതിയാക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; മമ്മൂട്ടി ബ്രാൻഡ് അംബാസഡർ | Keraladesham

November 18, 2026
web-logo
സർക്കാർ അറിയിപ്പുകൾ

റോഡപകട മരണം പകുതിയാക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, മമ്മൂട്ടി ബ്രാൻഡ് അംബാസഡർ

2 minutes read
Nov 16, 2026
news-image-1
Font Size:
18 px
Share :

സംസ്ഥാനത്തെ റോഡപകടങ്ങളും അപകടമരണങ്ങളും 50 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന സമഗ്ര ജീവൻരക്ഷാ പദ്ധതി ‘ജീവ-സുയാത്ര’ മിഷന് തുടക്കമായി. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയും പദ്ധതിയുടെ ടീസർ പ്രകാശനം ചെയ്യുകയും ചെയ്തു. മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി സി.പി. ജോൺ അധ്യക്ഷനായി.

റോഡപകടങ്ങളുടെ കാര്യത്തിൽ കേരളം ആശങ്കാജനകമായ അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളും യുവാക്കളും കുടുംബത്തിന്റെ ഏക ആശ്രയമായവരുമാണ് പലപ്പോഴും ഇരകളാകുന്നത്. റോഡ് സുരക്ഷ ഗതാഗത വകുപ്പിന്റെയോ പോലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ മാത്രം ചുമതലയല്ലെന്നും ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ കർശന നടപടി വേണമെന്നും ജനപ്രതിനിധികളോ മറ്റാരെങ്കിലുമോ ശുപാർശയുമായി ഇടപെടരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലൈസൻസ് റദ്ദാക്കൽ വരെ നടപടി

മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, സിഗ്നൽ ലംഘനം തുടങ്ങിയവ കർശനമായി നിയന്ത്രിക്കണം. പിഴ ചുമത്തുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്നും ആവശ്യമെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം. വിദേശത്ത് നിയമം പാലിക്കുന്ന മലയാളികൾ നാട്ടിലും അതേ ഉത്തരവാദിത്വം കാണിക്കണം. അടുത്ത ആറുമാസം ശക്തമായ പരിശോധന തുടർന്നാൽ ഒരു വർഷത്തിനകം മികച്ച റോഡ് സുരക്ഷാ സംസ്കാരം വളർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷയെക്കാൾ ബോധവൽക്കരണത്തിലൂടെ മികച്ച ഡ്രൈവിങ് സംസ്കാരം വളർത്തുന്നതിനാണ് മിഷൻ മുൻഗണന നൽകുന്നതെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. ‘എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്’ എന്ന ആശയത്തിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും സർക്കാർ നേതൃത്വത്തിൽ നിയമനടപടികളും ശക്തമാക്കും. സംസ്ഥാനത്ത് പ്രതിവർഷം 3,500 മുതൽ 4,000 വരെ പേർ റോഡപകടങ്ങളിൽ മരിക്കുന്നത് വലിയ ദുരന്തമാണെന്നും പ്രളയങ്ങളിലും ഉരുൾപൊട്ടലുകളിലും ഉണ്ടായതിനേക്കാൾ കൂടുതൽ ജീവനുകൾ ഓരോ വർഷവും റോഡുകളിൽ നഷ്ടമാകുന്നുവെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. റോജി എം. ജോൺ പറഞ്ഞു.

ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഗതാഗത സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സിറ്റി പോലീസ് കമ്മിഷണർ ആർ. നിശാന്തിനി, ട്രാൻസ്പോർട്ട് കമ്മിഷണർ ജി. സ്പർജൻ കുമാർ, ഐ.ജി.പി ട്രാഫിക് & റോഡ് സേഫ്റ്റി കമ്മിഷണർ എസ്. സതീഷ് ബിനോ, വാർഡ് കൗൺസിലർ സുധ ദിലീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags