മത്സ്യത്തൊഴിലാളി പെൻഷൻ: ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കണം | Keraladesham

November 3, 2026
web-logo
സർക്കാർ അറിയിപ്പുകൾ

മത്സ്യത്തൊഴിലാളി പെൻഷൻ: 14,596 പേർ ഇനിയും ആധാർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയില്ല; മുടങ്ങിയ തുക നൽകാൻ ശുപാർശ

2 minutes read
Nov 3, 2026
news-image-1
Font Size:
18 px
Share :

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവരിൽ ആധാർ ഓതെന്റീഫിക്കേഷൻ ഇനിയും പൂർത്തിയാക്കാത്തവർ എത്രയും വേഗം നടപടി പൂർത്തിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഓതെന്റീഫിക്കേഷൻ വൈകിയതിനാൽ പെൻഷൻ മുടങ്ങുകയും പിന്നീട് നടപടി പൂർത്തിയാക്കുകയും ചെയ്തവർക്ക് മുടങ്ങിയ മാസത്തെ തുക അടിയന്തരമായി അനുവദിക്കണമെന്ന് ഫിഷറീസ് വകുപ്പ് ധനവകുപ്പിനോട് ശുപാർശ ചെയ്തിട്ടുമുണ്ട്.

ബോർഡിന് കീഴിലുള്ള 73,657 പെൻഷൻ ഗുണഭോക്താക്കളിൽ 59,061 പേർ മാത്രമാണ് ഇതുവരെ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയത്. ബാക്കിയുള്ള 14,596 പേരിൽ 2,253 പേർ മരണപ്പെട്ടതായി കണ്ടെത്തി. ശേഷിക്കുന്നവർക്ക് തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ ലഭിക്കാൻ ഓതെന്റീഫിക്കേഷൻ നിർബന്ധമാണ്.

സമയപരിധി നീട്ടി, എന്നിട്ടും പെൻഷൻ മുടങ്ങി

സെപ്റ്റംബർ 15-നകം ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ തുടർന്ന് പെൻഷൻ ലഭിക്കൂ എന്ന് ധനകാര്യവകുപ്പ് കഴിഞ്ഞ ഓഗസ്റ്റിൽ കർശന നിർദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 23,657 പേർ ബാക്കിയുണ്ടായിരുന്നതിനാൽ ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന്റെ നിർദേശപ്രകാരം സമയപരിധി ഒക്ടോബർ 15 വരെ നീട്ടി. എങ്കിലും 2026 ഓഗസ്റ്റിലെ പെൻഷൻ ലഭിച്ച 16,591 പേർക്ക് സെപ്റ്റംബറിലെ പെൻഷൻ മുടങ്ങി — തിരുവനന്തപുരം മേഖലയിൽ 3,906, ആലപ്പുഴ 4,581, എറണാകുളം 2,849, കോഴിക്കോട് 4,706, കണ്ണൂർ 549 എന്നിങ്ങനെ.

ഇവരിൽ 10,497 പേർ (തിരുവനന്തപുരം 2,410, ആലപ്പുഴ 2,882, എറണാകുളം 2,195, കോഴിക്കോട് 2,645, കണ്ണൂർ 365) അധിക സമയം പ്രയോജനപ്പെടുത്തി ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കി. ഇവർക്ക് മുടങ്ങിയ മാസത്തെ തുക നൽകാനാണ് ശുപാർശ.

മേഖല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം മേഖലയിൽ 21,191 പേരിൽ 15,766, ആലപ്പുഴയിൽ 22,234 പേരിൽ 18,572, എറണാകുളത്ത് 15,272 പേരിൽ 13,892, കോഴിക്കോട്ട് 10,221 പേരിൽ 6,713, കണ്ണൂരിൽ 4,739 പേരിൽ 4,118 പേർ ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കി. തിരുവനന്തപുരത്ത് 5,425, ആലപ്പുഴയിൽ 3,662, കോഴിക്കോട് 3,508, എറണാകുളത്ത് 1,380, കണ്ണൂരിൽ 621 പേർ ഇനിയും ബാക്കിയുണ്ട്.

ഓതെന്റീഫിക്കേഷൻ പൂർത്തിയാക്കുന്ന മുറയ്ക്ക് മുടങ്ങിയ പെൻഷൻ തുക തിരികെ ലഭിക്കും. ബാക്കിയുള്ള ഗുണഭോക്താക്കൾ ആധാർ കാർഡിന്റെയും പെൻഷൻ പാസ്ബുക്കിന്റെയും പകർപ്പുമായി അടുത്തുള്ള ഫിഷറീസ് ഓഫീസിലെത്തി നടപടി എത്രയും വേഗം പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags