ഫെസ്റ്റിവൽ ഓഫ് കേരളം 2026 ലോഗോ പ്രകാശനം ചെയ്തു | Keraladesham

November 3, 2026
web-logo
സർക്കാർ അറിയിപ്പുകൾ

ഫെസ്റ്റിവൽ ഓഫ് കേരളം 2026 ലോഗോ പ്രകാശനം ചെയ്തു; കേരളത്തെ ഒന്നാമതാക്കാനുള്ള യാത്രയെന്ന് മുഖ്യമന്ത്രി

2 minutes read
Oct 31, 2026
news-image-1
Font Size:
18 px
Share :

കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഇന്നത്തെ നിലയിലെത്തിക്കാൻ അധ്വാനിച്ച എണ്ണമറ്റ നല്ല മനുഷ്യരെ മുഖ്യമന്ത്രി അനുസ്മരിച്ചു. ഇനിയും ഏറെ ഉയരങ്ങളിലേക്ക് വളരേണ്ടതുണ്ടെന്നും ഒട്ടേറെ സ്വപ്നങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അവ യാഥാർഥ്യമാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് നഗരങ്ങളിൽ ഫെസ്റ്റിവൽ കേരള

വാർഷികാഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും. നവംബർ ഒന്നിന് ആരംഭിക്കുന്ന പരിപാടിയിലൂടെ കേരളത്തിന്റെ തനത് കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യവും പ്രദർശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനും കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് ലക്ഷ്യം.

ഉയർന്ന വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസര സൃഷ്ടി, ഭദ്രമായ ധനസ്ഥിതി, ശക്തമായ ക്ഷേമ-വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കല, സാഹിത്യം, എഴുത്ത്, വായന എന്നിവ സംരക്ഷിക്കുന്നതിനൊപ്പം മുന്നിലുള്ള മേഖലകളിൽ ആധിപത്യം തുടരുകയും പിന്നിലായ മേഖലകളെ മുന്നോട്ട് നയിക്കുകയും ചെയ്യും. ഈ കൂട്ടായ യത്നത്തിന് എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മുഖ്യമന്ത്രിക്കൊപ്പം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി സി വിഷ്ണുനാഥ്, പുതുതലമുറ പ്രതിനിധികളായ ആവീർഭാവ്, ഈവഅനിൽ, എഴുപതു വയസ്സുകാരായ സുമതി, സുന്ദരൻ നാടാർ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രി പി സി വിഷ്ണുനാഥ് എന്നിവർ ആശംസകൾ നേർന്നു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് സ്വാഗതവും കായിക യുവജനകാര്യ സെക്രട്ടറി എൻ പ്രശാന്ത് നന്ദിയും പറഞ്ഞു.

മന്ത്രിമാരായ എൻ ഷംസുദ്ദീൻ, പി കെ ബഷീർ, സണ്ണി ജോസഫ്, സി പി ജോൺ, കെ എ തുളസി, ബിന്ദു കൃഷ്ണ, റോജി എം ജോൺ, വി ഇ അബ്ദുൾ ഖഫൂർ, മോൻസ് ജോസഫ്, എംഎൽഎമാരായ കെ കെ രമ, പ്രവീൺ, ഗോപകുമാർ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Related News

Tags