റോഡ് സുരക്ഷയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ ജലസുരക്ഷാ വിദ്യാഭ്യാസവും ചെറുപ്രായം മുതൽ കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ. മുരളീധരൻ. മുങ്ങിമരണ പ്രതിരോധം സംബന്ധിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സാങ്കേതിക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലസ്രോതസ്സുകളുമായി അഭേദ്യ ബന്ധമുള്ള കേരളത്തിൽ നീന്തൽ വെറും വിനോദമല്ല, ജീവൻ രക്ഷിക്കുന്ന അനിവാര്യ ജീവിതനൈപുണ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അപകടസാധ്യതയുള്ള ക്വാറികൾ, കനാലുകൾ, നദീതീരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ നടപടികൾ സ്വീകരിക്കണം. എമർജൻസി റെസ്‌പോൺസ് സംഘങ്ങൾ, തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ ധൈര്യവും ജലാശയങ്ങളെക്കുറിച്ചുള്ള പ്രായോഗിക അറിവും ഔദ്യോഗിക രക്ഷാപ്രവർത്തന ശൃംഖലകളുടെയും സമൂഹാധിഷ്ഠിത പരിശീലന പരിപാടികളുടെയും ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിആർ പരിശീലനം വ്യാപിപ്പിക്കൽ, ആംബുലൻസ് സേവനങ്ങളുടെ പ്രതികരണശേഷി മെച്ചപ്പെടുത്തൽ, അടിയന്തര ചികിത്സാ വിഭാഗങ്ങളെ ആവശ്യമായ സൗകര്യങ്ങളോടെ സജ്ജമാക്കൽ എന്നിവയിലൂടെ രക്ഷാപ്രവർത്തനത്തിനു ശേഷമുള്ള നിർണായക നിമിഷങ്ങൾ ഫലപ്രദമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
മാനസികാരോഗ്യ പരിചരണവുമായി ബന്ധിപ്പിക്കണം
എല്ലാ മുങ്ങിമരണങ്ങളും അപകടങ്ങളല്ലെന്ന് മന്ത്രി ഓർമിപ്പിച്ചു. ശാരീരികവും വൈകാരികവുമായ കാരണങ്ങളാലുള്ള മരണങ്ങൾ തടയാൻ മുങ്ങിമരണ പ്രതിരോധ പ്രവർത്തനങ്ങളെ മാനസികാരോഗ്യ പരിചരണം, കൗൺസിലിങ് സേവനങ്ങൾ, പ്രതിസന്ധി ഘട്ടങ്ങളിലെ അടിയന്തര ഇടപെടൽ സംവിധാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, സംസ്ഥാന ആരോഗ്യവിദ്യാഭ്യാസ വകുപ്പ്, ഓസ്‌ട്രേലിയൻ ഗവൺമെന്റ്, റോയൽ ലൈഫ് സേവിങ് സൊസൈറ്റി ഓസ്‌ട്രേലിയ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഓസ്‌ട്രേലിയ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷയായി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ഗീത ആനന്ദൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബൽ ഹെൽത്ത് ഇൻജുറി പ്രോഗ്രാം മേധാവി ഡോ. ജഗ്‌നൂർ ജഗ്‌നൂർ, ഓസ്ട്രേലിയ റോയൽ ലൈഫ് സേവിങ് സൊസൈറ്റി സിഇഒ ഡോ. ജസ്റ്റിൻ സ്‌കാർ എന്നിവർ സംസാരിച്ചു.
ഇരുരാജ്യങ്ങളിലെയും മുങ്ങിമരണ പ്രതിരോധ രംഗത്തെ നയരൂപകർത്താക്കൾ, ഗവേഷകർ, പ്രായോഗിക പ്രവർത്തകർ എന്നിവരെ ബന്ധിപ്പിക്കാനും മുങ്ങിമരണങ്ങൾ കുറയ്ക്കാൻ ദീർഘകാല, സുസ്ഥിര നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കാനും ലക്ഷ്യമിട്ട് വിവിധ സെഷനുകളിലായി സെമിനാറുകളും ചർച്ചകളും നടന്നു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala