ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (എസ്.ഐ.ഇ.ടി) ആഭ്യന്തരവകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച 'തൂഫാൻ – ലഹരിക്കെതിരേ പോരാട്ടം' ഹ്രസ്വചിത്ര മത്സരത്തിൽ തൃശൂർ മറ്റത്തൂർ എസ്.കെ.എച്ച്.എസിന്റെ 'കാറ്റും വെളിച്ചവും' ഒന്നാം സ്ഥാനം സ്വന്തമാക്കി. തിരുവനന്തപുരം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ജേതാക്കൾക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും പുരസ്കാരവും സമ്മാനിച്ചു.
കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്.എസിന്റെ 'എലിപ്പെട്ടി' രണ്ടാം സ്ഥാനവും കൊല്ലം പുത്തൂർ ജി.എച്ച്.എസ്.എസിന്റെ 'നൂൽ' മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ 300-ലധികം ചിത്രങ്ങൾ എത്തിയിരുന്നു. ജില്ലാതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ 42 ചിത്രങ്ങളിൽ നിന്നാണ് സംസ്ഥാനതല ജേതാക്കളെ തിരഞ്ഞെടുത്തത്.
വ്യക്തിഗത പുരസ്കാരങ്ങൾ
മികച്ച സംവിധായകനായി കോട്ടയം എം.ഡി. സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ ഇ.പി. നചികേതസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്ത്: തൃശൂർ മറ്റത്തൂർ എസ്.കെ.എച്ച്.എസിലെ വി.എച്ച്. കൃഷ്ണ. മികച്ച നടി: തൃശൂർ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് എച്ച്.എസിലെ ഒ.ആർ. ലക്ഷ്മിപ്രിയ. മികച്ച നടൻ: കണ്ണൂർ മണിക്കടവ് സെന്റ് തോമസ് എച്ച്.എസ്.എസിലെ പി.ബി. അഭിഷേക് കൃഷ്ണ. മികച്ച അധ്യാപക കോർഡിനേറ്ററായി മറ്റത്തൂർ എസ്.കെ.എച്ച്.എസിലെ രാജ്കുമാർ രഘുനാഥ് പുരസ്കാരം നേടി.
കാലിക പ്രസക്തമായ വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം രാസലഹരി കണ്ടെത്തിയതിനെ തുടർന്നാണ് തൂഫാൻ കൊണ്ടുവന്നത്. മയക്കുമരുന്നിനെതിരെ ശക്തമായ നടപടിക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാനും കഴിഞ്ഞു. എന്നാൽ നടപടികൾ കൊണ്ട് മാത്രം തിന്മയെ ചെറുക്കാനാവില്ലെന്നും പ്രതിരോധ, പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി യുവാക്കളിലും വിദ്യാർഥികളിലും രാസലഹരിക്കെതിരായ വികാരം വളർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ കാമ്പസുകളിലും പൊതുസമൂഹത്തിലും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ലഹരി ഉപയോഗത്തിനെതിരായ വിദ്യാർഥികളുടെ പോരാട്ടമാണ് ചിത്രങ്ങളിൽ കണ്ടതെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്കരണവും ലക്ഷ്യമിട്ടാണ് എസ്.ഐ.ഇ.ടി മത്സരം ഒരുക്കിയത്. തിരഞ്ഞെടുത്ത ഹ്രസ്വചിത്രങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിലും ആഭ്യന്തര വകുപ്പിന്റെ വിവിധ പരിപാടികളിലും എക്സൈസ് വകുപ്പിന്റെ ഓറിയന്റേഷൻ പ്രോഗ്രാമുകളിലും പ്രദർശിപ്പിക്കും.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ കെ.കെ. മഷൂദ് അധ്യക്ഷനായി. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ പ്രേംകുമാർ, എസ്.ഐ.ഇ.ടി ഡയറക്ടർ ടി. സിബി മുഹമ്മദ്, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.പി. അഹമ്മദുൽ കബീർ, കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. ഹുസൈൻ എന്നിവരും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala