കേരളപ്പിറവി 70: മുൻ സ്പീക്കർമാരെ ആദരിച്ച് നിയമസഭ | Keraladesham

November 2, 2026
web-logo
രാഷ്ട്രീയം

കേരളപ്പിറവി 70: മുൻ സ്പീക്കർമാരെയും ഡെപ്യൂട്ടി സ്പീക്കർമാരെയും ആദരിച്ച് നിയമസഭ

2 minutes read
Nov 1, 2026
news-image-1
Font Size:
18 px
Share :

കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭയിൽ മുൻ നിയമസഭാംഗങ്ങളുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സ്നേഹസംഗമം നടന്നു. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങ് മുൻ സ്പീക്കർ വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സ്വാഗതം പറഞ്ഞു.

ആദരിക്കപ്പെട്ടവർ

നൂറ്റമ്പതിലധികം മുൻ നിയമസഭാംഗങ്ങൾ പങ്കെടുത്ത സംഗമത്തിൽ മുൻ സ്പീക്കർമാരായ തേറമ്പിൽ രാമകൃഷ്ണൻ, വി എം സുധീരൻ, എൻ ശക്തൻ, എം വിജയകുമാർ, എം ബി രാജേഷ്, എ എൻ ഷംസീർ തുടങ്ങിയവരെ ആദരിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർമാരായ ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി, വി ശശി, ചിറ്റയം ഗോപകുമാർ എന്നിവർക്കും ആദരമർപ്പിച്ചു.

മുൻ നിയമസഭാംഗം പാലോളി മുഹമ്മദ് കുട്ടി, മുൻ നിയമസഭാ സെക്രട്ടറി ആർ രാജേന്ദ്ര ബാബു, മുതിർന്ന മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം എന്നിവരെയും ആദരിച്ചു. ദേശീയ, അന്തർദേശീയ കായികമത്സരങ്ങളിൽ മെഡലുകൾ നേടിയ മുൻ നിയമസഭാംഗം എം ജെ ജേക്കബിനും ചടങ്ങിൽ ആദരം ലഭിച്ചു.

സഭയുടെ ചരിത്രം ഓർമിപ്പിച്ച് സുധീരൻ

കേരളത്തിന്റെ നിയമനിർമാണചരിത്രം സൃഷ്ടിച്ചവരുടെ ഒത്തുചേരൽ ചരിത്രമായെന്നും കേരളത്തെ മുന്നോട്ട് നയിക്കാൻ എല്ലാവരും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ കേരള നിയമസഭ സുപ്രധാന പങ്ക് വഹിച്ചതായി വി എം സുധീരൻ ചൂണ്ടിക്കാട്ടി. ഒന്നാം നിയമസഭയിൽ ഒരു ദിവസം പോലും സഭാസ്തംഭനം ഉണ്ടായില്ലെന്നും നാല് തവണ മാത്രമാണ് വാക്കൗട്ട് നടന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സബ്ജക്ട് കമ്മിറ്റി എന്ന ആശയം കേരള നിയമസഭയുടേതാണെന്നും പിന്നീടാണ് പാർലമെന്റിൽ സ്റ്റാൻഡിംഗ് കമ്മിറ്റികൾ വന്നതെന്നും ഓരോ ബില്ലും വിശദമായ ചർച്ചയ്ക്ക് ശേഷമാണ് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആദ്യകാല പ്രതാപം വീണ്ടെടുത്ത് രാജ്യത്തെ ഏറ്റവും മികച്ച നിയമനിർമാണസഭയായി മാറാൻ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് സുധീരൻ പറഞ്ഞു. സഭാനടപടികളും ലൈബ്രറി റഫറൻസ് സംവിധാനവും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിശദപഠനം വേണമെന്നും അദ്ദേഹം നിർദേശിച്ചു. സ്പീക്കറും മുൻ സ്പീക്കർമാരും സഭാനുഭവങ്ങൾ പങ്കുവച്ചത് കൗതുകമായി. നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി നന്ദി പറഞ്ഞു. സംഗമത്തിന് മുന്നോടിയായി ജീവനക്കാർ മെഗാ തിരുവാതിരയും തുടർന്ന് കേരളീയ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടിയും അവതരിപ്പിച്ചു.

അവലംബം: PRD Live (Kerala Govt) · ചിത്രം: PRD Kerala

Tags